Monday, June 15, 2015

പ്രേമം

അംഗങ്ങൾ എല്ലാം ഉടനടി ‘പ്രേമം’ കണ്ടിരിക്കണം എന്നും അഭിപ്രായം എഴുതിയിരിക്കണം എന്നും അല്ലെങ്കിൽ ബ്ലോഗര്‍ അക്കൗണ്ട് കാൻസൽ ആകും എന്ന നോട്ടീസ് കിട്ടിയ ഉടനെ തീയേറ്ററിലേക്കു വിട്ടു. മുമ്പിൽനിന്ന് മൂന്നാമത്തെ നിരയിലാണ്‌ ഇരുന്നതെങ്കിലും മുഴുവൻ കണ്ടു. ഇനിയും രണ്ടോ മൂന്നോ തവണ കാണാൻ വിരോധമില്ല. തേങ്ങയും പഞ്ചസാരയും വായ നിറച്ച് ഇട്ട് ചവയ്ക്കുമ്പോൾ കിട്ടുന്നതുപോലെ, ഡപ്പാംകുത്ത് കേൾക്കുന്നതുപോലെ ഒരു സുഖം. ഇതേ സംവിധായകന്റെ ‘നേരം’ കണ്ടപ്പോഴും ഇത് അനുഭവപ്പെട്ടിരുന്നു.

ഇഷ്ടപ്പെട്ട കാര്യങ്ങൾ:
- ചടുലമായ രംഗപരമ്പര, സംഭാഷണം, പാട്ടുകൾ.
- കുറെയൊക്കെ മ്യൂസിക്ക്‌ വീഡിയോ സ്റ്റൈലിലാണെങ്കിലും ഒട്ടും മടുപ്പിക്കാതെ ദൃശ്യങ്ങൾ ക്രമീകരിക്കാൻ കാണിച്ചിരിക്കുന്ന സംവിധാന-ചിത്രസംയോജന ശ്രദ്ധ
- മലർ (സായി പല്ലവി) നൃത്തസംവിധാനം നിർവഹിക്കുന്ന രംഗങ്ങൾ
- ബാംഗ്ലൂർ ഡെയ്സ്‌ പോലെ പാശ്ചാത്യസമ്പ്രദായങ്ങളെ കൊണ്ടാടുന്നില്ല (അവസാന ഭാഗത്തൊഴികെ). നാട്ടിൻപുറത്തെയും കാല്പനികവല്ക്കരിക്കുന്നില്ല.
- സംഭാഷണം റെക്കോഡ്‌ ചെയ്തിരിക്കുന്നതിലെ സ്വാഭാവികത
- മണിച്ചിത്രത്താഴിലെ “വെള്ളം” രംഗത്തിന്റെ അനുകരണം, അതിനെക്കാൾ മെച്ചപ്പെട്ട രീതിയിൽ. ആ പടത്തിൽ ഒരു മാനസികരോഗിയെ പരിഹസിക്കുന്നതായിരുന്നു ആ രംഗമെങ്കിൽ ഇതിൽ ഒട്ടും ദുരുദ്ദേശമില്ലാത്ത ഒരു തമാശമാത്രമാണ്‌
- വിനയ്‌ ഫോർട്ട്‌
- മലയാളം സിനിമാപ്പേര്‌
- ‘സീൻ കോണ്ട്രാ’ എന്ന പാട്ടും അതിന്റെ ചിത്രീകരണവും

ഇഷ്ടപ്പെടാത്ത കാര്യങ്ങൾ:
- ഒരു പുതുമയുമില്ലാത്ത കഥ, സിനിമയിൽ മാത്രം കാണുന്നതുപോലുള്ള കഥ (വാഹനാപകടത്തില്‍പ്പെട്ട്‌ ഓർമ്മപോകലൊക്കെ നിർത്താറായില്ലേ?) (ന്യൂ ജെനറേഷൻ എന്നു പറഞ്ഞാൽ ഓൾഡ് ജെനറേഷൻ കഥ പുതിയ കുപ്പിയിൽ എന്നാണോ അർത്ഥം?)
- സൈഡ് കിക്കുകൾ, പ്യൂൺമാർ തുടങ്ങിയവർ അടിയ്ക്കാനും തൊഴിക്കാനും പരിഹസിക്കാനും ഉള്ളതാണെന്ന വിശ്വാസം (ഇതും ഓൾഡ് ജെനറേഷന്റെ തുടർച്ച തന്നെ)
- ഹാൻഡ് ഹെൽഡ് ക്യാമറ, ലൈവ് സൗണ്ട് തുടങ്ങിയ ടെക്നിക്കുകൾ റിയലിസ്റ്റ് കഥകളിൽ റിയലിസത്തിനു കരുത്തുപകരാൻ ഉപയോഗിക്കേണ്ടതാണ്‌. പള്ളിയിൽ മൈക്കുപിടിച്ച് പ്രേമഗാനം പാടുകയും മറ്റും ചെയ്യുന്ന കഥകളിൽ ഈ വിദ്യകൾക്ക് എന്തു പ്രസക്തി?
- ആഴമില്ലാത്ത പ്രമേയങ്ങൾ
- നിവിൻ പോളി. (പോളിയ്ക്കു റെയ്ഞ്ചില്ല എന്ന്‍ ശ്യാമപ്രസാദ് പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ എനിക്കു പറയാമല്ലോ.)
- നിവിൻ പോളിയുടെ എതിരാളിയും അയാളെക്കാൾ മികച്ച നടനും ഇപ്പോൾ അധികം പടങ്ങളില്ലാത്തവനുമായ ഫഹദ്‌ ഫാസിലിനെ പരിഹസിച്ചുള്ള തമാശ
- അക്രമം കാണിച്ചിട്ടും ശിക്ഷകിട്ടാതെ പോകുന്ന വീരനായകനെയും കൂട്ടരെയും ഇഷ്ടപ്പെടാൻ കാണികളോട് ആവശ്യപ്പെടുന്ന കഥ (മോഹൻലാലിന്റെയും മറ്റും ഓൾഡ് ജെനറേഷൻ സിനിമകളുടെ തുടർച്ച)
- വലിയ ധീരയൊക്കെയാണെങ്കിലും റാഗിങ്ങൊക്കെ ‘നിങ്ങളുടെ കാര്യം’ എന്നു പറയുന്ന ടീച്ചർ
- ചിരിയല്ലാതെ മറ്റ്‌ ഭാവങ്ങൾ ഒന്നുമില്ലാത്ത നായികമാരുടെ പലഹാരതുല്യമായ സൗന്ദര്യം
- കഥാപാത്രങ്ങൾ മാതാപിതാക്കളെ ആശ്രയിച്ചു ജീവിക്കുന്നവരായിട്ടും സിനിമയിൽ അവർക്ക്‌ യാതൊരു സാന്നിദ്ധ്യവും ഇല്ലാത്തത്‌
- രഞ്ജി പണിക്കർ
- സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന കാലത്ത്‌ ഇത്ര ബഹളമായി കുറേ ആൺകുട്ടികൾ ഒരു പെൺകുട്ടിയുടെ പുറകേ നടന്നിട്ടും നാട്ടുകാരിലെ സദാചാരപൊലീസുകാർ ഇടപെടുന്നില്ല എന്നതു വിശ്വസിക്കാൻ കഴിയുന്നില്ല
- സംഭാഷണം റെക്കോഡ്‌ ചെയ്തിരിക്കുന്ന രീതി കാരണം (അതോ എന്റെ കേഴ്വിക്കുറവുമൂലമോ) ചിലതൊന്നും മനസ്സിലാകുന്നില്ല. രണ്ടാമതും മൂന്നാമതും സിനിമ കാണാനായി മനപ്പൂർവം ചെയ്തതതായിരിക്കുമോ?

<< കണ്ടെഴുത്ത്

Friday, June 12, 2015

വർക്കില്ലാത്ത വർക്ക്ഷോപ്പുകൾ


ചിത്രത്തിനു കടപ്പാട്:www.nvam.org

എന്റെ തലമുറ സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് പഠിപ്പിക്കൽ എന്നു പറഞ്ഞാൽ അദ്ധ്യാപകൻ ക്ളാസിൽ വന്ന് വിജ്ഞാനം പകർന്നുകൊണ്ട് നടത്തുന്ന പ്രഭാഷണമായിരുന്നു. ചർച്ച, സ്വന്തം അഭിപ്രായരൂപീകരണം, അന്വേഷണം ഇതിനൊന്നും ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ല. രചന (composition) എന്ന പരിപാടി പോലും സാർ ബോർഡിൽ എഴുതുന്നതു പകർത്തിയെഴുതൽ ആയിരുന്നു. ഇപ്പോൾ ഇതിനൊക്കെ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല. പ്രോജക്റ്റുകൾ മുതലായ പുതിയ അദ്ധ്യയനരീതികൾ നടപ്പിലായിട്ടുണ്ട് എന്നു കേൾക്കുന്നു. അതൊക്കെ എത്രമാത്രം ഫലപ്രദമാണ്‌ എന്ന് അറിഞ്ഞുകൂടാ.
ഇതെല്ലാം ഇപ്പോൾ ഓർമ്മവന്നത് ഏതാനും “ശില്പശാല”കളിൽ പങ്കെടുത്തതോടെയാണ്‌. രണ്ടു വിവർത്തനശില്പശാലകൾ, ഒരു കഥാശില്പശാല എന്നീ പരിപാടികളിൽ ഈയടുത്തകാലത്തു പങ്കെടുക്കാനിടയായി.
വിവർത്തന ശില്പശാലകൾ നയിച്ചത്‌ പ്രഗത്ഭരായ വിവർത്തകരാണ്‌. ഭാഷയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ധാരാളം വിലയേറിയ ഉപദേശങ്ങളും പ്രസിദ്ധീകരണം, പ്രതിഫലം, പകർപ്പവകാശം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രായോഗികമായ നിർദ്ദേശങ്ങളും പകരാൻ കഴിവുള്ള പരിചയസമ്പന്നരായിരുന്നു ഇവരെല്ലാം. എന്നാൽ, പേര്‌ “ശില്പശാല” എന്നാണെങ്കിലും പ്രയോഗപരിചയം നേടാൻ സഹായിക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി അവിടെ നടന്നില്ല. കരയിലിരുന്ന് നീന്തൽ പഠിക്കുന്നതുപോലൊരു പരിപാടി. പങ്കെടുക്കുന്നവരെ ചെറിയ കൂട്ടങ്ങളായി തിരിച്ച്, അവർ ചെയ്തുകൊണ്ടുവന്നിട്ടുള്ള തർജ്ജമകൾ പരിശോധിച്ച്, മെച്ചപ്പെടുത്താനുതകുന്ന നിർദ്ദേശങ്ങൾ കൊടുക്കുക എന്ന ശില്പശാലാസമ്പ്രദായത്തിൽ സംഘാടകർക്ക് ഒരു താത്പര്യവും ഉള്ളതായി കണ്ടില്ല. എന്തുകൊണ്ട്? സംഘാടനപരമായ അലസതമൂലം? വിഷയത്തിൽ താത്പര്യമുള്ളവരെ കണ്ടെത്തിയിട്ടല്ല, ഏതോ കോളേജിൽനിന്ന് ആട്ടിത്തെളിച്ചുകൊണ്ടുവന്ന വിദ്യാർത്ഥികളെക്കൊണ്ടു നിറച്ചാണ്‌ സദസ്സുണ്ടാക്കിയത് എന്നതുകൊണ്ട്?
“കഥാശില്പശാല” ഇതിലും ഒരുപടികൂടി പിന്നോക്കം നിന്നു. കഥയെഴുത്ത് എന്ന പരിപാടിയില്‍ പ്രാഗത്ഭ്യം അവകാശപ്പെടാനാവാത്തവരുടെ “ക്ലാസുകൾ”ആയിരുന്നു ദിവസം മുഴുവൻ. ഉദ്ഘാടകനൊഴികെ മറ്റ് എല്ലാവരും നിരൂപകരായിരുന്നു എന്നത് നിരാശാജനകമായി. എഴുതിത്തുടങ്ങുന്നവർക്കുള്ള പ്രായോഗികമായ ഉപദേശങ്ങൾ പങ്കുവെച്ചതും ഉദ്ഘാടകൻ മാത്രം. മറ്റുള്ളവരുടെ പ്രഭാഷണങ്ങൾ നിറയെ അവർ വായിച്ചിട്ടുള്ള ദേശീയവും വിദേശീയവുമായ മികച്ച കഥകളെപ്പറ്റിയുള്ള വിശകലനങ്ങളായിരുന്നു. നല്ല വായനയും കഥയുടെ ചരിത്രത്തെക്കുറിച്ചുമുള്ള ബോധവും എഴുത്തുകാർക്ക് അനിവാര്യമാണെന്നതു വിസ്മരിക്കാതെതന്നെ പറയട്ടെ: സൈദ്ധാന്തികമായ അധ്യാപനമാകരുത് ഒരു ശില്പശാലയുടെ ഉദ്ദേശ്യം. പ്രവൃത്തിപരിചയം പകർന്നുകൊടുക്കുന്നതിനുള്ള വേദിയാവുകതന്നെ വേണം അത്.
മുഖ്യസംഘാടകനോട്‌ ഇതിനെപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം സമയക്കുറവിനെക്കുറിച്ചും പങ്കെടുക്കുന്നവരുടെ എണ്ണക്കൂടുതലിനെക്കുറിച്ചും പരാതിപറഞ്ഞെങ്കിലും എന്തെങ്കിലും ചെയ്യാം എന്നു സമ്മതിച്ചു. വേദിയിൽ കയറിയ അദ്ദേഹം “നൂറു വാക്കിൽ കവിയാത്ത ഏതാനും കഥകൾ അവതരിപ്പിക്കാനും ചർച്ചചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും എന്നും ക്ലാസുകൾക്കുശേഷം ചോദ്യോത്തരങ്ങൾക്കു സമയമുണ്ടാകും” എന്നും പറഞ്ഞു. ചോദ്യോത്തരവേളയെക്കുറിച്ചു പറയാൻ അദ്ദേഹം ഉപയോഗിച്ച വാക്കുകൾ വിചിത്രമായി തോന്നി. അദ്ദേഹം പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്‌: “ചോദ്യശരങ്ങളെ നേരിടാനും അവയ്ക്കെതിരെ പൊരുതിനില്ക്കാനുംമടിയില്ലാത്തവരാണ്‌ വേദിയിലിരിക്കുന്നത്“ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വിവരണം. സംഘട്ടനപദാവലികളുടെ ഉപയോഗം എന്തിന്‌? അദ്ധ്യാപകൻ രാജാവും വിദ്യാർത്ഥി പ്രജയുമാണ്‌ എന്ന വിശ്വാസത്തിന്റെ പ്രതിഫലനമല്ലേ ഇത്? ചോദ്യം ചോദിക്കൽ എന്നാൽ ചോദ്യം ചെയ്യൽ തന്നെയാണ്‌
എന്ന കാഴ്ചപ്പാട്?
എന്തായാലും കഥ അവതരിപ്പിക്കലൊന്നും ഉണ്ടായില്ല. ഒന്നും ഒന്നേകാലും മണിക്കൂർ നടത്തിയ പ്രഭാഷണങ്ങൾ സമയം മുഴുവനും വിഴുങ്ങി. നമ്മളെല്ലാം മറ്റേയാൾക്കു പറയാനുള്ളതു കേൾക്കാൻ മനസ്സില്ലാത്ത പ്രഭാഷകരായിത്തീരുന്നതിനു കാരണം എന്താണ്‌? ഒന്നും പറയാൻ അനുവദിക്കപ്പെടാതെ കഴിച്ചുകൂട്ടിയ സ്കൂൾ-കോളേജ് കാലങ്ങളോ?
ഒരു പകൽ മുഴുവൻ നീണ്ട ‘ശില്പശാല’യുടെ ഒടുവിൽ പതിനഞ്ചുമിനിറ്റോളം ചോദ്യോത്തരങ്ങൾക്കായി അനുവദിക്കപ്പെട്ടു. “ചോദ്യത്തിലൊന്നും ഒരു കാര്യമില്ല. ധാരാളം വായിക്കുക, ധാരാളം എഴുതുക” എന്ന് ഒരു പ്രഭാഷകൻ പറയുകപോലുമുണ്ടായി. എന്നാൽപ്പിന്നെ ഈ ശില്പശാലയൊക്കെ നടത്തുന്ന ബജറ്റുകൊണ്ട് കുറേ പുസ്തകം വാങ്ങിച്ച് ലൈബ്രറിയിൽ വെച്ചാൽ പോരേ?
<< എഴുത്ത്

Monday, June 08, 2015

പരോപകാരാര്‍ത്ഥം

മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന കഥ. മദനന്റെ ചിത്രങ്ങളോടെ.

സാഹിത്യവാരീകകൾക്കു പുറത്ത് കഥകൾക്ക് ഇത്തരമൊരു ഇടമുണ്ടെന്ന് ഓർമ്മിപ്പിച്ച രാംമോഹൻ പാലിയത്തിനും കെ. വി. മണികണ്ഠനും വാരാന്തപ്പതിപ്പ് പത്രാധിപര്‍ സുഭാഷ് ചന്ദ്രനും നന്ദി. കഥ ആദ്യം അവതരിപ്പിച്ചത് തിരുവനന്തപുരം പുരോഗമനകലാസാഹിത്യസംഘത്തിന്‍റെ പ്രതിമാസകഥയരങ്ങായ "സംഘകഥ"യിൽ.



<< കഥ