Thursday, October 20, 2011

പേരുമാറ്റദൂഷ്യം











"പേര്‌?"
"റാറ്റ്‌നേഷ്‌."
"എന്തോ?"
"സോറി... രത്നേഷ്‌. അമേരിക്കക്കാരോടു റാറ്റ്‌നേഷ്‌ എന്നു പറഞ്ഞു ശീലമായിപ്പോയി. ഖേദമുണ്ട്‌."
"ഹേയ്‌, അതൊന്നും സാരമില്ല."
"എന്റെ ശരിയായ പേര്‌ രത്നേശ്വരൻ എന്നാണ്‌. ശ്രീലങ്കയിലായിരുന്ന കാലത്തുതന്നെ കൂട്ടുകാർ അതു ചുരുക്കി രത്നേഷ്‌ എന്നു വിളിക്കാൻ തുടങ്ങി. അമേരിക്കയിലെത്തിയപ്പോൾ രണ്ടു റൂംമേറ്റ്‌സാണുണ്ടായിരുന്നത്‌. ഒന്നാമൻ മതിവണ്ണൻ. അവൻ എല്ലാവരോടും പേര്‌ മാറ്റ്‌ എന്നു മാറ്റിപ്പറഞ്ഞു. രണ്ടാമത്തെയാൾ പാർത്ഥിപൻ. അവൻ പാറ്റ്‌ ആയി."
"അപ്പോൾ...?"
"അതെ. ഇന്ന് അമേരിക്കക്കാർ എന്നെ റാറ്റെന്നാണു വിളിക്കുന്നത്‌. ആദ്യമേ പറഞ്ഞില്ലേ ഖേദമുണ്ടെന്ന്?"

<< അനുഭവം

Monday, October 10, 2011

കാട്ടിലെറിയപ്പെട്ട കുട്ടികളുടെ കഥ

ഈ ലക്കം ‘കടലാസുകപ്പ‘ലിൽ ഗ്രിം സഹോദരന്മാരുടെ ‘ഹാൻസെലും ഗ്രെറ്റെലും‘ അതിന്റെ രണ്ടു പുത്തൻ പുനരാഖ്യാനങ്ങളും.



<< കടലാസുകപ്പൽ

Tuesday, October 04, 2011

ഉപാസനാപഞ്ചകം

നിരുജയായ പയ്യിന്റെ തോലുരി-
ച്ചരുമയായ്‌ പൊതിഞ്ഞോരിടയ്ക്കയിൽ
കരളലിഞ്ഞു ഞാൻ താളമിട്ടിടാം
നരകതാരണാ, കാത്തുകൊള്ളണേ

വലിയ ചൂടെഴും വാരിയിൽത്തിള-
ച്ചലസിയോരു കീടങ്ങൾ തന്റെ നൂൽ
നലമൊടാടയായ്ത്തീർത്തു ചാർത്തിടാം
കലിമലം കളഞ്ഞാർത്തി തീർക്കണേ

ചമരിമാനിനെക്കൊന്നു തീർത്തതാ-
മമിതകാന്തിയാം ചാമരത്തിനാൽ
സുമശരോപമാ നിന്നെ വീശിടാം
ശമനമേകണേയാധികൾക്കു നീ

കുഴി കുഴിച്ചതിൽ വീഴ്ത്തി, നെഞ്ഞുറ-
പ്പൊഴിയുമാറു താപ്പാന തല്ലിയും,
കഴലു കൂച്ചിയും കാഴ്ചവെച്ചിടാം
പിഴയൊഴിഞ്ഞൊരീക്കൊച്ചുകൊമ്പനെ

ഇളയിലുള്ളതാം സർവജീവികൾ-
ക്കളവെഴാത്തതാമാർത്തി നൽകി ഞാൻ
പുളകമോടെ നിന്നെബ്ഭജിച്ചിടാം
നളിനനാഭ, മാം പാഹി, ഗോപതേ

<< കവിതകൾ