Thursday, April 29, 2010

നാടോടുമ്പോൾ

(പ്രമോദിന്റെ കവിതയ്ക്ക്‌ ഒരു പ്രതികരണം)

പുരുഷകേസരിക്കൂട്ടം
നാരിമാരെ മുറപോലെ
കരുത്തോടെ ഭരിക്കുന്നൊ-
രിടത്തുപോയി

കുടിക്കാനായ്‌ തരുണികൾ
പബ്ബുകളിൽ കയറിയാൽ
തടിയ്ക്കും തന്റേടത്തിനും
കുഴപ്പമാകാം

****

മനുഷ്യദൈവത്തെ വാഴ്ത്തി
സ്തുതിച്ചു സന്തുഷ്ടരായി
മനുഷ്യന്മാർ വസിക്കുന്ന
സ്ഥലത്തുപോയി
അവരുടെ തലയ്ക്കുള്ളിൽ
വെളിവു നൽകുവാൻ പോയാൽ
അവന്റെ കാര്യവും തെല്ലു
പരുങ്ങലാകാം

****

സവർണ്ണന്മാർ അവർണ്ണനെ
നിലയ്ക്കുനിർത്തുവാൻ വേണ്ടി
അവമതിപ്പെടുത്തുവാൻ
മടിയ്ക്കാ ദിക്കിൽ
'അവർണ്ണൻ ഞാൻ, എനിയ്ക്കെന്താ
ചെരിപ്പിട്ടു നടന്നാ'ലെ-
ന്നവിവേകം വിചാരിച്ചാൽ
കെണിയായേക്കാം

****

ചെകുത്താൻ വേദപുസ്തകം
പിടിച്ചും കുന്തിരിക്കത്തിൻ
പുകച്ചുരുൾ പരത്തിയും
ചരിക്കും നാട്ടിൽ
അവന്റെ മേൽ വിരൽ ചൂണ്ടാൻ
മനുഷ്യപുത്രനുണ്ടായാൽ
അവനു വേദനിക്കുവാൻ
ഇടയുണ്ടാകാം

****

"പൊറുക്കുവാനൊരിക്കലും
കഴിയാത്ത പ്രമാദത്തെ
പൊറുപ്പിക്കും കലയേ രാ-
ഷ്ട്രീയമെഴുത്ത്‌"
പതിറ്റാണ്ടു പലതിനു
മുമ്പൊരുത്തൻ പറഞ്ഞതു
പതിരില്ലാതെയിപ്പോഴും
ശരിയാണല്ലോ




<< കവിതകള്‍

Monday, April 12, 2010

ആരവത്തിൽനിന്നു മോചനം

കൊതുകു ചെവിയിൽ മൂളിക്കൊണ്ടിരിക്കുമ്പോൾ ഉറക്കം പിടിക്കാൻ കഴിവുള്ളവരോട്‌ അസൂയ തോന്നാറുണ്ട്‌. ടിവി കണ്ടുകൊണ്ട്‌ സംസാരിക്കാൻ പറ്റുന്നവരോടും പാട്ടുകേട്ടുകൊണ്ട്‌ കമ്പ്യൂട്ടറിൽ പണിചെയ്യാൻ കഴിയുന്നവരോടും പുസ്തകം വായിച്ചുകൊണ്ടു ഭക്ഷണം കഴിക്കാൻ കഴിയുന്നവരോടും സെൽ ഫോണിൽ സംശാരിച്ചുകൊണ്ടു വണ്ടിയോടിക്കാൻ കഴിയുന്നവരോടും ഉണ്ട്‌ അസൂയ. അവസാനം പറഞ്ഞ കൂട്ടരെ ശിക്ഷിക്കാൻ ഈയിടെ നിയമം വന്നിട്ടുണ്ട്‌. ബാക്കിയുള്ളവരെല്ലാം ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുന്നു.

കുറച്ചുനാൾ മുമ്പ്‌ എന്റെ പണിസ്ഥലത്ത്‌ ക്രിസ്‌ എന്നു പേരുള്ള ഒരു കൊതുകുണ്ടായിരുന്നു. എന്റെ നേരെ എതിരെയുള്ള ഒരു ക്യൂബിലായിരുന്നു ആശാന്റെ വാസം. നേരം വെളുത്താൽ ആളുകൾ പലവിധവിഷയങ്ങളിൽ ക്രിസിന്റെ അഭിപ്രായം ആരായാൻ വന്നു തുടങ്ങും. ഓരോ ചോദ്യത്തിനും ഓരോ പ്രഭാഷണമാണു മറുപടി. അത്‌ എഴുതിയെടുത്താൽ ഒരു ലേഖനമാക്കി നേരെ വിക്കിപീഡിയയിൽ ഇടാം. കാറിന്റെ തകരാറുകൾ, മാക്കിനെ അപേക്ഷിച്ച്‌ പിസിയ്ക്കുള്ള ന്യൂനതകൾ, കമ്പ്യൂട്ടർ ഗെയിമുകളിലെ തന്ത്രങ്ങൾ, ദേശീയ/അന്തർദ്ദേശീയ/പ്രാദേശിക രാഷ്ട്ര‍ീയം, സാമ്പത്തികത്തകർച്ചയ്ക്കുള്ള പരിഹാരങ്ങൾ തുടങ്ങി അസംഖ്യം വിഷയങ്ങളിൽ ക്രിസ്‌ അഭിപ്രായം പറയും. അയാൾ സംസാരിക്കുന്ന സമയത്തോളം (ദിവസത്തിന്റെ ഭൂരിഭാഗവും) അതു കേട്ട്‌ ജോലിചെയ്യാനാകാതെ തരിച്ചിരിക്കുക എന്നതായിരുന്നു എന്റെ അവസ്ഥ. ഞാൻ പ്രശ്നത്തെപ്പറ്റി സ്വകാര്യമായി ക്രിസുമായി സംസാരിച്ചു. അഭിമാനം വ്രണപ്പെട്ടഭാവത്തിൽ മുഖംവീർപ്പിച്ചുകാണിച്ചതല്ലാതെ പ്രശ്നപരിഹാരത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. പിന്നെ, അടുത്തുള്ള ക്യൂബുകളിലിരിക്കുന്ന എല്ലാവരും ഇത്‌ എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്നു നോക്കി. പലർക്കും ക്രിസ്‌ ഒരു വിഷയമേയല്ല. 'അയാൾ പറയുന്നതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല' എന്നായിരുന്നു ഒരാളുടെ മറുപടി. ചുറ്റും നടക്കുന്ന സംസാരം ശ്രദ്ധിക്കാതെ ജോലിചെയ്യാൻ കഴിയുന്ന ഭാഗ്യവാന്മാർ! ഒടുവിൽ കാലം ക്രിസിനെ തുരത്തി. ആൾ ഇപ്പോൾ ദൂരെയൊരു മുറിയിൽ കുറേ നിർഭാഗ്യവാന്മാരാൽ ചുറ്റപ്പെട്ട്‌ കഴിയുകയാണ്‌.

ക്രിസിനു മുമ്പ്‌, മലയാളം ബ്ലോഗിന്റെ തുടക്കക്കാലത്ത്‌ പിന്മൊഴികൾ എന്നൊരു സംവിധാനം ഉണ്ടായിരുന്നു. ബ്ലോഗുകളിലെ കമന്റുകൾ നേരെ ഇ-മെയിൽ ഇൻബോക്സിലെത്തിക്കുന്ന ഒരു സംവിധാനം. പതുക്കെപ്പതുക്കെ നൂറുകണക്കിനു കമന്റുകൾ ദിവസവും വരാൻ തുടങ്ങി. വിഷയങ്ങളിൽ പലതും ചൂടൻ വിഷയങ്ങളാണ്‌, വിവാദങ്ങൾ. ഇ-മെയിൽ വായിച്ചിട്ടു മാത്രം പണിതുടങ്ങുന്ന എനിക്ക്‌ എല്ലാ കമന്റുകളും ബന്ധപ്പെട്ട പോസ്റ്റുകളും വായിച്ചു കഴിയുമ്പോഴേക്ക്‌ വൈകുന്നേരം മാത്രം പണിതുടങ്ങാൻ കഴിയുന്ന അവസ്ഥയായി. വീട്ടിലെത്തിക്കഴിഞ്ഞാലും ചർച്ചാവിഷയങ്ങളെപ്പറ്റി ആലോചിച്ചിരിക്കും. ഇടയ്ക്കിടയ്ക്ക്‌ പിന്നെയും കമ്പ്യൂട്ടറിൽച്ചെന്നു നോക്കും. ഈ അവസ്ഥ മാസങ്ങളോളം നീണ്ടുനിന്നു. അവസാനം, പിന്മൊഴിയുടെ സ്രഷ്ടാക്കൾ തന്നെ അതിനെ സംഹരിച്ചു. പകരം മറുമൊഴിയെന്നോ മറ്റോ പറഞ്ഞ്‌ ഒരു സംഗതിയുണ്ടായെന്നു കേട്ടു. അവിടെ ചെന്നു നോക്കിയതേയില്ല. ചെന്നിട്ടു പെട്ടുപോകണ്ടല്ലോ.

ഇതെല്ലാം കഴിഞ്ഞ്‌ ഈയിടെയാണ്‌ ബസ്സ്‌ (buzz) എന്നൊരു സംഗതിയുടെ വരവ്‌. ജി-മെയിലിൽ ബസ്സ്‌ എന്ന ഒരു പുതിയ ഫോൾഡർ പ്രത്യക്ഷപ്പെട്ടു. അതിൽ ചെന്നു നോക്കുമ്പോൾ, നമുക്കു പരിചയമുള്ള ധാരാളം പേരുണ്ട്‌ സംസാരിച്ചിരിക്കുന്നു. യക്ഷി എന്ന സങ്കൽപം, വനിതാ സംവരണം, സ്തൂപത്തിന്റെ വ്യാസം കണ്ടുപിടിക്കാനുള്ള യൂക്ലിഡിന്റെ വഴി, മസാലദോശയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒരു അമേരിക്കൻ മലയാളിയ്ക്ക്‌ വാൻ ആവശ്യമോ അനാവശ്യമോ, സിനിമാക്വിസ്‌ തുടങ്ങിയ ചൂടൻ വിഷയങ്ങൾ. മിനിറ്റിനു മിനിറ്റിനു കമന്റ്‌, തമാശ, വിജ്ഞാനം. പ്രശ്നം ഒന്നുമാത്രം: ജി-മെയിൽ നോക്കാൻ ഒന്നു കയറിയാൽ പിന്നെ ബസ്സൊക്കെ നോക്കി അതെപ്പറ്റി ചുഴിഞ്ഞാലോചിച്ച്‌ ഏതാനും മണിക്കൂർ കഴിയുമ്പോഴേ പുറത്തിറങ്ങൂ. രാത്രിയിൽ ഉറങ്ങാതെ കിടന്ന് അന്നു വായിച്ച ബസ്സുകളെപ്പറ്റി ആലോചന. പിറ്റേന്ന് അഭിപ്രായം പറയാൻ ചെല്ലുമ്പോഴേക്ക്‌ അതിലും ചൂടൻ ബസ്സുകൾ അനവധി. ഒടുക്കം, തീരുമാനിച്ചു: ഒരു മുഴുവൻ സമയബുദ്ധിജീവി ആകാൻ അനുവദിക്കാത്ത ദുഷിച്ചുനാറിയ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം ഇതു നമുക്കു പറ്റില്ല. ബസ്സിൽ പോയി ഡിസേബിൾ ചെയ്തു. സ്വച്ഛത എന്ന വികാരം അനുഭവിച്ചു. പണ്ടൊരു സിനിമയിൽ പുകവലി നിറുത്തിയ ഒരാൾ വളരെക്കാലത്തിനു ശേഷം ചില മണങ്ങൾ അറിയുന്നതുപോലെ, സ്വന്തം ചിന്തയുടെ ഒച്ചകേട്ടു.

ഇനിയും വരുമായിരിക്കും ഇത്തരം സംവിധാനങ്ങൾ. അടുത്ത തവണ ഇത്തരം ഒന്നിനെ നേരിടാനുള്ള മനസ്സാന്നിദ്ധ്യം കൈവരിക്കാൻ കുറെക്കൂടി സമയം കുറവു മതിയായിരിക്കും എന്നു തോന്നുന്നു. ഗൂഗിൾ പുതിയ ഉല്‌പന്നം കൊണ്ടുവന്ന സമയത്ത്‌ കൊതുകിന്റെ മൂളലിന്റെ പേർ അതിനിടാൻ തീരുമാനിച്ചതു യാദൃശ്ചികമാണോ എന്തോ?

<< തോന്നിയവാസം