Wednesday, March 31, 2010

ഉചിതമായ ചിഹ്നം ചേർത്തെഴുതുക

ഒന്ന്
എം. എഫ്‌. ഹുസൈൻ: ബുദ്ധനേ, ബുദ്ധനേ...
ബുദ്ധൻ: എന്താടാ നായിന്റെ മോനേ കരയുന്നത്‌?
ഹുസൈൻ: എന്തിനാ ബുദ്ധനേ ഈ സവർണ്ണഫാസിസ്റ്റ്‌ശക്തികൾ എന്നെ ഇങ്ങനെ പീഡിപ്പിക്കുന്നത്‌?
ബുദ്ധൻ: സത്യം! അതു കടുത്ത അനീതി തന്നെ. നീ പണ്ടെങ്ങാണ്ടു വരച്ച ഒരു പടത്തിന്റെ പേരിൽ ഈ ചെയ്യുന്നതു കടുംകൈ തന്നെ. ഞാൻ എന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പക്ഷത്താണ്‌. നീ കരയാതെ. ഞാൻ ശക്തിയായി അപലപിച്ചുകൊണ്ട്‌ ഒരു പ്രസ്താവന ഇറക്കിയേക്കാം.
ഹുസൈൻ: സരസ്വതിയുടെയും ഭാരതമാതാവിന്റെയും പടത്തിൽ തുണിയുണ്ടായിരിക്കണമെന്നൊക്കെ പറഞ്ഞാൽ...
ബുദ്ധൻ: എടാ നായേ, ഇവളൊക്കെ മാറുമറയ്ക്കാൻ തുടങ്ങിയതൊക്കെ ഈ അടുത്ത കാലത്തല്ലേ? മാത്രവുമല്ല, ഇവരുടെയൊക്കെ ശരീരം എല്ലാ ഭാരതീയനും ഒരുപോലെ അവകാശപ്പെട്ടതല്ലേ? അല്ലെങ്കിൽത്തന്നെ ആരെയും തുണിയുടുക്കാതെ വരയ്ക്കാനുള്ള അവകാശം ഒരു ജനാധിപത്യരാഷ്ട്രത്തിലെ ഏതു പൗരനുമില്ലേ?
ഹുസൈൻ: വർഗ്ഗീയശക്തികൾ എന്റെ ജീവനുപോലും ഭീഷണിയാകുന്ന....
ബുദ്ധൻ: അതിനു തൊട്ടാലുടൻ വ്രണപ്പെടാൻ ഈ മതവികാരമെന്താ കന്യാചർമ്മമാണോ? ഇതുപോലെ കപടജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യം നിനക്കെന്തിന്‌? ലോകത്ത്‌ എത്രയോ നല്ല രാജ്യങ്ങൾ കിടക്കുന്നു.
ഹുസൈൻ: അതെയതെ, കുവൈറ്റുപോലെ തങ്കപ്പെട്ട...
ബുദ്ധൻ: നീ കരയണ്ട, ഈ പുരസ്കാരം കൂടി വാങ്ങിച്ചുകൊണ്ടു പൊയ്ക്കോ.

രണ്ട്‌
സക്കറിയ: ബുദ്ധനേ, ബുദ്ധനേ...
ബുദ്ധൻ: എന്താടാ കഴുതേടെ മോനേ കരയുന്നത്‌?
സക്കറിയ: എന്തിനാ ബുദ്ധനേ ഈ മതേതര-വിപ്ലവശക്തികൾ എന്നെ കൈയേറ്റശ്രമം നടത്തുന്നത്‌?
ബുദ്ധൻ: എടാ മരിച്ചുപോയ നേതാക്കന്മാരെപ്പറ്റി അപവാദം പറയരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ കഴുതേ?
സക്കറിയ: അതിന്‌ ഞാൻ അവരെക്കുറിച്ചു നല്ലതല്ലേ പറഞ്ഞത്‌?
ബുദ്ധൻ: പാശ്ചാത്യജീർണ്ണതയുടെ പ്രതീകമായ ആധുനികസാഹിത്യം വായിച്ചുവളർന്ന നിനക്ക്‌ ലൈംഗികഅരാജകത്വം ഒരു നന്മയായിട്ടായിരിക്കും തോന്നുന്നത്‌. പക്ഷേ, വ്യഭിചാരിയായ ഒരു കള്ളഖദർ ധാരിയെയും സ്വപ്നത്തിൽപ്പോലും ഏകപത്നീവ്രതക്കാരായ അനശ്വരത്യാഗധാമനങ്ങളെയും ഒരേ ഖണ്ഡികയിൽ ചേർത്തു പ്രസംഗിക്കാൻ നിനക്ക്‌ എങ്ങനെ ധൈര്യം വന്നു?
സക്കറിയ: സത്യം പറഞ്ഞതിന്‌...
ബുദ്ധൻ: എല്ലാ സത്യവും എല്ലായ്പോഴും വിളിച്ചുപറയാനുള്ളതല്ലെന്നു നിനക്കറിഞ്ഞുകൂടേ? സദസ്സുനോക്കാതെ സംസാരിക്കരുതെന്നറിയാനുള്ള പ്രായമായില്ലേ നിനക്ക്‌?
സക്കറിയ: അതിന്‌ എന്നെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണോ ശരി?
ബുദ്ധൻ: അതിനിവിടെ പോലീസും മന്ത്രിമാരുമൊക്കെയില്ലേ? അവരിലൊന്നും വിശ്വാസമില്ല എന്നൊക്കെ വിളിച്ചു പറഞ്ഞാൽ...
സക്കറിയ: എന്റെ അഭിപ്രായസ്വാതന്ത്ര്യം...
ബുദ്ധൻ: നീ വിഷമിക്കണ്ട. ഞാൻ എന്നും കലാകാരന്റെ കൂടെയാണ്‌. നീ കരയാതെ പോ. ഞാനൊരു പ്രസ്താവന ഇറക്കിയേക്കാം. പക്ഷേ, ഇനി മേലാൽ ഇങ്ങനൊന്നും കേൾക്കാനിടയാകരുത്‌.

മൂന്ന്
പ്രൊഫ: ടി. ജെ. ജോസഫ്‌: ബുദ്ധനേ, ബുദ്ധനേ...
ബുദ്ധൻ: എന്താടാ പന്നീടെ മോനേ കരയുന്നത്‌?
ജോസഫ്‌: എന്തിനാ ഈ പോലീസും അക്രമിസംഘങ്ങളും എന്നെയിങ്ങനെ വേട്ടയാടുന്നത്‌?
ബുദ്ധൻ: എടാ പടച്ചവനെയും പ്രവാചകനെയും പറ്റി അസഭ്യം പറയരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ പന്നീ?
ജോസഫ്‌: മുഹമ്മദ്‌ എന്നു പറഞ്ഞാൽ പ്രവാചകനാണെന്ന് വ്യാഖ്യാനിക്കുന്നത്‌ വായനക്കാരന്റെ ദുഷ്ടബുദ്ധിയായിക്കൂടേ?
ബുദ്ധൻ: എന്നാൽ ആ ദുഷ്ടബുദ്ധിയാണ്‌ നിന്നെയും എടുത്തിട്ടു വ്യാഖ്യാനിക്കാൻ പോകുന്നതെന്നു നീയും കരുതണം.
ജോസഫ്‌: അതിന്‌ കടകളും വാഹനങ്ങളും തല്ലിപ്പൊളിക്കുകയാണോ ചെയ്യേണ്ടത്‌? അത്ര പെട്ടെന്നു തകരുന്ന ഒന്നാണോ ഈ മതവികാരം?
ബുദ്ധൻ: എടാ ജനരോഷം, ജനരോഷം എന്നു കേട്ടിട്ടുണ്ടോ? അതു പൊട്ടിത്തെറിയ്ക്കും, ആളിപ്പടരും, ആഞ്ഞടിയ്ക്കും...
ജോസഫ്‌: എനിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മതേതരനും പുരോഗമനവാദിയുമായ നമ്മുടെ വിദ്യാഭ്യാസമന്ത്രി...
ബുദ്ധൻ: എടാ ഈ സമത്വസുന്ദരസംസ്ഥാനത്തിലെ ക്രമസമാധനവും മതസൗഹാർദ്ദവും തകർക്കാൻ സാമ്രാജ്യത്വശക്തികളുടെ കൈയിൽനിന്ന്‌ നീ എത്ര ഡോളർ വാങ്ങിയെടാ? പാവപ്പെട്ട ഇസ്ലാമികരാഷ്ട്രങ്ങളിലെ എണ്ണ കൊള്ളചെയ്തതും പോരാഞ്ഞ്‌, അവിടം ബോംബിട്ടു തുലയ്ക്കുന്ന, ജൂതന്മാർക്കു കഞ്ഞിവെക്കുന്ന അമേരിക്കയല്ലേടാ നിന്റെ പിന്നിൽ? ബാലപീഡനം പ്രചരിപ്പിക്കാൻ വത്തിക്കാനിൽപ്പോയി പ്രത്യേകപരിശീലനം നേടി വന്നതല്ലേടാ നീ? ഇതുവരെ എത്ര പിഞ്ചുകുഞ്ഞുങ്ങളെ കശക്കിയെറിഞ്ഞെടാ നീ?
ജോസഫ്‌: എന്റെ പൗരാവകാശവും ആവിഷ്കാരസ്വാതന്ത്ര്യവും...
ബുദ്ധൻ: ചോദ്യക്കടലാസിലാണോടാ നിന്റെ ആവിഷ്കാരസ്വാതന്ത്ര്യം? ഇവിടെക്കിടന്നു കരഞ്ഞു ബഹളമുണ്ടാക്കിയേക്കരുത്‌. ഉടൻ പോയില്ലെങ്കിൽ ഞാൻ പോലീസിൽ അറിയിക്കും. വല്ലയിടത്തും പോയി പാറപൊട്ടിച്ചോ ബ്ലോഗെഴുതിയോ ജീവിച്ചോണം. പോ... എനിക്കു ധ്യാനത്തിനു സമയമായി.