Tuesday, August 18, 2009

വിക്കിയിലെ മണ്ടത്തരങ്ങള്‍

പണ്ട്‌ പൂമ്പാറ്റയില്‍ വായിച്ച കഥയാണ്‌:

ഒരിടത്ത്‌ ഒരു ചിത്രകലാവിദ്യാര്‍ത്ഥിയുണ്ടായിരുന്നു. അയാള്‍ വരയ്ക്കുന്ന ചിത്രങ്ങളിലെ തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത്‌ ഗുരു അയാളെ ഒരു മികച്ച ചിത്രകാരനാക്കിത്തീര്‍ത്തു. ഒടുവില്‍ ഒരു ദിവസം, ശിഷ്യന്റെ പുതിയ ചിത്രം കണ്ട ഗുരു പറഞ്ഞു: "എന്റെ അറിവില്‍ പെട്ടിടത്തോളം, ഈ ചിത്രത്തിന്‌ എന്തെങ്കിലും കുറവു പറയാനില്ല. എനിക്കറിയുന്നതെല്ലാം നിനക്കു പഠിപ്പിച്ചുതരാന്‍ കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്‌."

എന്നാല്‍, തനിക്ക്‌ ഇനിയും പലതും പഠിക്കാന്‍ ബാക്കിയുണ്ടെന്നു കരുതിയിരുന്ന ശിഷ്യന്‍ പറഞ്ഞു: "ഇനി എനിക്കാവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ തരാന്‍ ആര്‍ക്കു കഴിയും എന്നുകൂടി അങ്ങ്‌ ഉപദേശിച്ചുതരണം."

"എന്റെ അറിവില്‍ അങ്ങനെയാരും നമ്മുടെ പട്ടണത്തിലില്ല." ഗുരു പറഞ്ഞു "നീ ഒരു കാര്യം ചെയ്യൂ. നിന്റെ ചിത്രങ്ങള്‍ വരച്ചിട്ട്‌ വഴിയമ്പലത്തില്‍ കൊണ്ടു പ്രദര്‍ശിപ്പിക്കുക. ഇതിലേ കടന്നുപോകുന്നവരില്‍ ചിത്രകലയില്‍ അറിവുള്ളവരുണ്ടാകാം. അവര്‍ തിരുത്തിത്തന്നെന്നുവരാം."

ചിത്രകാരന്‍ തന്റെ ഏറ്റവും പുതിയ ചിത്രം വഴിയമ്പലത്തില്‍ പ്രദര്‍ശനത്തിനുവെച്ചു. അതിന്റെ താഴെ ഒരു കുറിപ്പും വെച്ചു: "ബഹുമാനപ്പെട്ട കാഴ്ചക്കാരാ, താങ്കള്‍ക്ക്‌ ഈ ചിത്രത്തില്‍ എന്തെങ്കിലും അപാകതകള്‍ കാണുകയാണെങ്കില്‍ ആ ഭാഗത്ത്‌ ദയവായി ഒരു അടയാളം വരയ്ക്കാന്‍ അപേക്ഷ."

ഒന്നുരണ്ടു ദിവസങ്ങള്‍ കഴിഞ്ഞ്‌ ചിത്രം നോക്കാന്‍ വന്ന ചിത്രകാരന്‍ ഞെട്ടിപ്പോയി. ചിത്രം മുഴുവന്‍ അടയാളങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. തന്റെ ചിത്രത്തില്‍ ഇത്രയേറെ തെറ്റുകളുണ്ടായിരുന്നെന്നോ?

വിവരമറിഞ്ഞ ഗുരു പറഞ്ഞു: "അടുത്ത ചിത്രം വെയ്ക്കുമ്പോള്‍ അതോടൊപ്പം നീ ചായങ്ങളും ബ്രഷുകളും വെയ്ക്കണം. എന്നിട്ട്‌, ചിത്രത്തില്‍ അപാകതകള്‍ കാണുന്നപക്ഷം അവ തിരുത്താനുള്ള ഒരു അപേക്ഷയും പ്രദര്‍ശിപ്പിക്കുക."

ശിഷ്യന്‍ അങ്ങനെചെയ്തു. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ചിത്രത്തില്‍ ആരും ഒരു മാറ്റവും വരുത്തിയില്ല.

ഈ കഥ ഈയിടെ ഓര്‍മ്മവന്നത്‌ വിക്കിപീഡിയയിലെ അബദ്ധങ്ങളെപ്പറ്റി ഒന്നിലധികം പേര്‍ പരാതികള്‍ പറയുന്നതു കേട്ടപ്പോഴാണ്‌. ലാഭത്തിനായി വിജ്ഞാനകോശങ്ങളും നിഘണ്ടുക്കളുമുണ്ടാക്കുന്ന സ്വകാര്യസംരംഭങ്ങളാരെങ്കിലുമായിരുന്നു ഇതു പറയുന്നതെങ്കില്‍ അസൂയയാണ്‌ അതിനു പിന്നിലെന്നു പറയാമിയായിരുന്നു. എന്റെ അറിവില്‍ പെട്ടിടത്തോളം വിക്കിപീഡിയ വിജ്ഞാനത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിലെ ഒരു വിജയകരമായ പരീക്ഷണമാണ്‌. ഗൂഗിള്‍ ഉള്‍പ്പെടെ സ്വകാര്യസംരംഭങ്ങള്‍ പോലും മാനിക്കുന്ന ഒരു ജനാധിപത്യസംരംഭം. ഇത്‌ എന്ത്‌ അഭിപ്രായവും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നു കൊട്ടിഘോഷിക്കുകയും പറയുന്ന അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാറ്റിനിര്‍ത്തി ഇടിതരികയും ചെയ്യുന്ന ചില പാര്‍ട്ടികളിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പോലെയല്ല, തെറ്റുകുറ്റങ്ങള്‍ പരിഹരിക്കാന്‍ എല്ലാ സൗകര്യങ്ങളും തന്നിട്ടു നടത്തുന്ന യഥാര്‍ത്ഥജനാധിപത്യമാണ്‌. എന്നാല്‍പ്പിന്നെ, വിക്കിപീഡിയയെ പരിഹസിച്ചു നെടുങ്കന്‍പോസ്റ്റെഴുതുന്ന സമയം കൊണ്ട്‌ ആ തെറ്റ്‌ തിരുത്തി സ്വയം സമൂഹജീവിയാകാനുള്ള ശ്രമമെങ്കിലും നടത്തിക്കൂടേ നമുക്ക്‌?

9 comments:

OAB/ഒഎബി said...

അറിയുമെങ്കിൽ അവിടെ പറയുക.
അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.
അതാണതിന്റെ ശരി.

rocksea said...

so true! there are so many hypocrites waiting to jump on someone and criticize, without provoiding a helping hand. same with wikipedia.

ഉറുമ്പ്‌ /ANT said...

വളരെ പ്രസക്തമായ പോസ്റ്റ്‌. ഞാനും കണ്ടിരുന്നു ചില കമന്റുകൾ. അർഹിക്കുന്ന പുശ്ചത്തോടെ അവഗണിക്കുന്നതാല്ലേ നല്ലതെന്നു തോന്നി ആ കമന്റുകളെ.
നന്നായി എഴുത്ത്‌.

Unknown said...

From Slashdot => Wikipedia-Approaches-Its-Limits

Unknown said...

വിക്കിയില്‍ തെറ്റുണ്ടെങ്കില്‍ അത് തിരുത്താനുള്ള ചുമതല നമുക്ക് തന്നെയാണ്. കാരണം വിക്കി ഒരു പൊതുസ്വത്താണ് എന്നത് തന്നെ. എന്നാല്‍ തെറ്റ് ചൂണ്ടിക്കാട്ടുന്നവര്‍ തന്നെ അത് തിരുത്തണം എന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. തെറ്റ് ചൂണ്ടിക്കാണിക്കലും ഒരു ചുമതല നിറവേറ്റല്‍ തന്നെയാണ്,മറ്റാരെങ്കിലും അത് തിരുത്തുമല്ലൊ.അപ്പോള്‍ തെറ്റ് തിരുത്തുന്നത് പോലെ തന്നെ പ്രധാനമാണ് തെറ്റ് ചൂണ്ടിക്കാണിക്കലും. വിക്കി നമ്മുടേതാണു എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടായാല്‍ ഇതില്‍ തര്‍ക്കത്തിന് പ്രസക്തിയില്ല.

Calicocentric കാലിക്കോസെന്‍ട്രിക് said...

ഞാന്‍ എന്‍റെ ബ്ലോഗ് ആരംഭിച്ചത് മലയാളം വിക്കിപീഡിയയെ വിഡ്ഢിപ്പീഡിയ എന്നു വിളിച്ചുകൊണ്ടായിരുന്നു. മുള്ളന്‍പന്നി മുട്ടയിടുമെന്നുമൊക്കെ പറയുകയും അതു തെറ്റാണെന്നു കേട്ടപ്പോള്‍ വാളെടുത്തു വെളിച്ചപ്പെടുകയും ചെയ്ത വീരനെപ്പോലുള്ള വീരന്മാരാണ് അവിടെ കൂടുതലും. മാമാങ്കത്തെപ്പറ്റിയുള്ള ഇംഗ്ലീഷ് പീഡിയ ലേഖനത്തിന്‍റെ ടോക് പേജ് നോക്കിയാല്‍ ചില രസകരമായ കാര്യങ്ങള്‍ കാണാം. സാമൂതിരി പന്ത്രണ്ടു കൊല്ലം കൂടുമ്പോള്‍ സ്വയം വെട്ടി മരിക്കുന്ന രീതിയുണ്ടായിരുന്നെന്നും അതിനു കാലക്രമേണ മാറ്റം വന്ന് സിംബോളിക് ആയ അനുഷ്ഠാനമായതാണ് മാമാങ്കമെന്നും അലെക്സാണ്ടര്‍ ഹാമില്‍ടണ്‍ വക വിവരണത്തില്‍ പറയുന്നത് വേറൊരു വിക്കിപീഡിയ ലേഖനത്തില്‍ പറഞ്ഞത് തോണ്ടിയെടുത്ത് ഒരു വങ്കന്‍ മാമാങ്കം ലേഖനത്തിലിട്ടു. മറുനാട്ടില്‍ വിജ്ഞാനമല്ലാതെ വേറെയെന്തോ തോണ്ടുന്ന ഒരു മലയാളി യുവാവിന് ഒരു കെട്ട നാട്ടുരാജവംശത്തിന്‍റെ ചരിതം ഗ്രഹിക്കാനാവണമെന്നില്ല. പക്ഷേ, അതു തെറ്റാണെന്നു പറഞ്ഞപ്പോള്‍ ആ വങ്കനെന്നെ അപമാനിച്ചത് പോയി രണ്ടു പുസ്തകം വായിച്ച്ചിട്ടു വാ എന്നു പറഞ്ഞായിരുന്നു. അന്നുമുതല്‍ വിക്കിപീഡിയയും ആയി എന്‍റെ പ്രശ്നവും തുടങ്ങി. മലയാളം അച്ചുകള്‍ ആദ്യമായി ഉപയോഗിച്ചത് ഹോര്‍ത്തൂസ് മലംക്കൂസിലാണെന്നു വെച്ചുകാച്ചിയ ചെക്കനെ ചെറുതായൊന്നു ചൊറിഞ്ഞപ്പോള്‍ ചെക്കനെഴുതിയ ഒരു മെയില്‍ ഭയങ്കരമായിരുന്നു. പിന്നെ എന്തൊക്കെ നാടകങ്ങള്‍ ഉണ്ടായി!
ഇതേ പീഡിയ തന്നെയാണ് Fowler&fowler എന്ന handle ഉപയോഗിച്ച് എഡിറ്റു ചെയ്ത് അപ്രതീക്ഷിതമായ വിഷയങ്ങളില്‍ പാണ്ഡിത്യം പ്രകടമാക്കി വിസ്മയിപ്പിക്കുകയും academia യെപ്പറ്റിയുള്ള കാഴ്ചപ്പാടുതന്നെ പുതുക്കിത്തരുകയും ചെയ്ത വ്യക്തിയെയും കാണിച്ചുതന്നത്. ഇന്‍ഡോളജിയില്‍ തരക്കേടില്ലാത്ത പാണ്ഡിത്യവും സംസ്കൃതത്തിന്‍റെയും തമിഴിന്‍റെയും വിവിധ പരിണാമദശകളെപ്പറ്റി അനായാസമായി പറയുകയും ചെയ്യുന്ന Dieter Bachmann (User:Dbachmann) ഈ ഭാഷകളുടെയും ക്യൂനിഫോം ലിപികളുടെയും യൂനികോഡ് എന്‍കോഡിങ്ങിന്‍റെ കാര്യത്തില്‍ ഗീക് ആണ്. വിക്കിപീഡിയ വെറും ഇന്‍റെര്‍നെറ്റ് അനുഭവമല്ല.

രാജേഷ് ആർ. വർമ്മ said...

OAB, rocksea, ഉറുമ്പ്,
നന്ദി.

ശിവ,
നന്ദി. ജനാധിപത്യത്തിന്റെ പ്രശ്നങ്ങൾക്ക് കൂടുതൽ ജനാധിപത്യം തന്നെയല്ലേ പരിഹാരം?

KPS,
OABയുടെ കമന്റ് കണ്ടില്ലെന്നു തോന്നുന്നു. ഊന്നൽ അവിടെ എന്ന വാക്കിൽ.

Calicocentric,
മാമാങ്കത്തിന്റെ ഇംഗ്ലീഷ് വിക്കി പേജിൽ പോയി നോക്കി. ഈ അങ്കമൊന്നും നടന്ന ചരിത്രം അവിടില്ലല്ലോ. ഒരു ചരിത്രകാരന്റെ തെറ്റു തിരുത്തേണ്ടത് മറ്റൊരു ചരിത്രകാരന്റെ അഭിപ്രായം കൊണ്ടല്ലേ? ‘ചെറുതായൊന്നു ചൊറിയുന്നതും’ ‘അപമാനിക്കുന്നതും’ തമ്മിലുള്ള വ്യത്യാസം ഉത്തമപുരുഷൻ ഏതു വശത്താണെന്നതു മാത്രമാണോ? മെൽ ബ്രൂക്സ് പറഞ്ഞതുപോലെ?

പിന്നെ ഒരു സംശയംകൂടി: ഇവിടെ ഉപയോഗിച്ച ഭാഷ തന്നെയോ വിക്കി സംവാദങ്ങളിലും ഉപയോഗിക്കാറ്?

വി. കെ ആദര്‍ശ് said...

അതെ വിക്കിപീഡിയയില്‍ തെറ്റുകുറ്റങ്ങള്‍ തീര്‍ക്കുന്നതിനാകണം എല്ലാവരും മുന്‍‌കൈയ്യെടുക്കേണ്ടത്.
നല്ല കുറിപ്പ്

രാജേഷ് ആർ. വർമ്മ said...

ആദർശ്,

ഇവിടെ കണ്ടതിൽ സന്തോഷം. ടി.കെ.എം. കാരനാണല്ലേ? നളൻ, പോൾ (ചിന്ത), സിമി... ബ്ലോഗിൽ ഒരു പൂർവ്വവിദ്യാർത്ഥിസംഘടന തുടങ്ങാനുള്ള ആളായി, അല്ലേ?