Wednesday, July 22, 2009

കൊച്ചുകള്ളി

ജ്ഞാനപീഠം കിട്ടിക്കഴിഞ്ഞ്‌ നോബല്‍ സമ്മാനം കിട്ടുന്നതിനു മുമ്പു പ്രസിദ്ധീകരിക്കുന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്താനുള്ള ഉദ്ദേശത്തോടെ ഞാന്‍ കുറച്ചുനാള്‍ മുമ്പ്‌ ഒരു കഥയെഴുതിയിരുന്നു. അയച്ചുകൊടുത്താലുടന്‍ ആനുകാലികങ്ങള്‍ അപ്പോള്‍ അച്ചടിച്ചുകൊണ്ടിരിക്കുന്ന ലക്കം നിറുത്തിവെച്ച്‌ അതുള്‍പ്പെടുത്തുമെന്ന വിശ്വാസത്തോടെ ഞാന്‍ മലയാളത്തിലെ പ്രമുഖപ്രസിദ്ധീകരണങ്ങള്‍ക്ക്‌ അയച്ചുകൊടുക്കുകയും ചെയ്തു. അവയെല്ലാം കഥ തിരിച്ചയയ്ക്കുകയും തിരിച്ചയയ്ക്കാത്തവര്‍ മേശ തുടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ (കടലാസിന്റെ മറ്റേ ഉപയോഗം നാട്ടില്‍ വ്യാപകമായിട്ടില്ലെന്നു വിശ്വസിക്കുന്നു) ഞാന്‍ നിരാശയോടെ ഓരോ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ അത്‌ അയയ്ക്കാന്‍ തുടങ്ങി. ചിലരൊക്കെ ഖേദത്തോടെ മടക്കിയയച്ചെങ്കിലും തര്‍ജ്ജനി അവസാനം അതു പ്രസിദ്ധീകരിക്കാന്‍ സമ്മതിച്ചു.

കഥ തര്‍ജ്ജനിയില്‍ വരുന്നതിനുമുമ്പ്‌ ദേശാഭിമാനി വാരിക അറിയിച്ചു ആ കഥയില്‍ താത്‌പര്യമുണ്ടെന്ന്. തര്‍ജ്ജനിയ്ക്ക്‌ വിരോധമില്ലല്ലോ എന്നു ചോദിച്ചിട്ട്‌, നോബല്‍ പ്രസംഗത്തില്‍ ഈ സംഭവം ഉള്‍പ്പെടുത്തണമെന്ന് സ്വയം ഓര്‍മ്മിപ്പിച്ച്‌, ഞാന്‍ സന്തോഷത്തില്‍ കഴിയുന്ന കാലം. ഒരു ദിവസം രാത്രി പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ ഫോണടിച്ചു. തോളില്‍ക്കിടന്ന് ഉറങ്ങുന്ന മകനെ ഭാര്യയെ ഏല്‌പിച്ച്‌ വേഗം ഫോണെടുത്തു.

"ഹലോ, രാജേഷ്‌ വര്‍മ്മ സാറല്ലേ?"
ഇരുപത്തിരണ്ടാം വയസ്സില്‍, ഒരു സാറാകുന്നതിനു മുമ്പ്‌ നാടുവിട്ട ആളെന്ന നിലയില്‍ ആരെങ്കിലും സാറെന്നു വിളിച്ചാല്‍ ഇപ്പോഴും രോമാഞ്ചം കൊള്ളാറുണ്ട്‌ ഞാന്‍.

"അതേ. ആരാണിത്‌?"
"സാര്‍, എന്റെ പേര്‌ ചിത്ര. ഞങ്ങള്‍ ന്യൂ വ്യൂ എന്നൊരു മാഗസീന്‍ നടത്തുന്നുണ്ട്‌. സാര്‍ തര്‍ജ്ജനിയില്‍ വന്ന ആ കഥ ഞങ്ങള്‍ക്കു തരണം."
"അയ്യോ അതു ദേശാഭിമാനിക്കാര്‍ അച്ചടിക്കാമെന്നു പറഞ്ഞിട്ടുണ്ടല്ലോ." സന്തോഷം അമര്‍ത്തിവെച്ച്‌ ഞാന്‍ ഖേദം നടിച്ചു. എന്റെ ഒരു കഥയ്ക്കുവേണ്ടി മലയാളത്തിലെ പ്രസിദ്ധീകരണങ്ങള്‍ കടിപിടികൂടുന്ന, ഞാന്‍ ഏറെ സ്വപ്നം കണ്ടിട്ടുള്ള ആ കാലം സമാഗതമായിരിക്കുന്നു.
"സാര്‍ കഥ വളരെ ഇഷ്ടമായതുകൊണ്ടാണ്‌ ചോദിക്കുന്നത്‌. ദേശാഭിമാനി തരുന്നതിനെക്കാള്‍ കൂടുതല്‍ റോയല്‍റ്റി ഞങ്ങള്‍ തരാം സാര്‍."
എന്റെ അഭിമാനം വ്രണപ്പെട്ടു. കാശിനു വേണ്ടിയാണ്‌ ഞാന്‍ കഥയെഴുതുന്നതെന്ന് ഇവര്‍ കരുതിയോ?
"റോയല്‍റ്റിയൊന്നും പ്രശ്നമല്ല, നിങ്ങള്‍ കഥയെടുത്തോളൂ." ഞാന്‍ പെട്ടെന്നുതന്നെ പറഞ്ഞു. വിദേശത്തേക്കു ഫോണ്‍ ചെയ്ത്‌ കഥചോദിച്ച സാഹിത്യപ്രേമിയെ നിരാശനാക്കാന്‍ എന്ത്‌ അര്‍ഹതയാണ്‌ എനിക്കുള്ളത്‌?
"താങ്‌ക്‍യൂ സാര്‍."
"അച്ചടിച്ചു കഴിഞ്ഞാല്‍ ഒരു കോപ്പി അയച്ചുതരണം കേട്ടോ."
"ശരി സാര്‍."
പാവം ദേശാഭിമാനി! ഇനി അവരെ നിരാശപ്പെടുത്തണം.

മാസം ഒന്നു കഴിഞ്ഞു. യാതൊരു വിവരവുമില്ല. മാസിക അയയ്ക്കാന്‍ വേണ്ടി വിലാസം അയച്ചുകൊടുത്ത ഇ-മെയിലിനു പോലും മറുപടിയില്ല. ങ്‌ഹും! ഫോണ്‍ ചെയ്തു.

"സാര്‍ കഥ അച്ചടിച്ചു വന്നല്ലോ. അന്നു തന്നെ ഇ-മെയിലില്‍ അയച്ചിരുന്നല്ലോ."
അച്ചടിച്ച മാസിക ഇ-മെയിലില്‍ അയച്ചെന്നോ?
"അതുപോര. മാസിക തന്നെ അയയ്ക്കണം."
"ശരി സാര്‍, അയച്ചുതരാം."

ഒരു മാസം കൂടി കഴിഞ്ഞു.
"ഹലോ, ചിത്ര? മാസിക കിട്ടിയില്ലല്ലോ."
"സാര്‍ ക്ഷമിക്കണം. എന്റെ അമ്മ മരിച്ചുപോയി. ഞാന്‍ വലിയ വിഷമത്തിലായിരുന്നു. രണ്ടുമാസമായി മാസിക ഇറങ്ങുന്നില്ല."
ഇങ്ങനെ ഫോണ്‍ ചെയ്യുന്നവരോടു പറയാന്‍ വേണ്ടി സ്വന്തം അമ്മയെ ഈ പത്രാധിപ സ്വയം വകവരുത്തിയതായിരിക്കുമോ എന്ന് ചോദിക്കാന്‍ തുടങ്ങിയ എന്റെ ദുഷ്ടബുദ്ധിയെ ഞാന്‍ ശാസിച്ചിരുത്തി.
"അയ്യോ. അതു ഞാന്‍ അറിഞ്ഞില്ല. ഒരു കോപ്പി വേണമായിരുന്നല്ലോ."
"ഞാന്‍ ഓഫീസില്‍പ്പോകുമ്പോള്‍ അയയ്ക്കാം സാര്‍."

അടുത്ത മാസം:
"ഹലോ ചിത്ര, മാസിക?"
"അയ്യോ സാര്‍ അന്നുതന്നെ അയച്ചല്ലോ."
"കിട്ടിയില്ലല്ലോ. ഒന്നുകൂടി അയയ്ക്കുമോ?"
"തീര്‍ച്ചയായിട്ടും അയയ്ക്കാം സാര്‍."

പിന്നത്തെ മാസം:
"ഹലോ ചിത്ര, ഇതു രാജേഷ്‌ വര്‍മ്മയാണ്‌."
ഫോണ്‍ കട്ടാവുന്നു.
വീണ്ടും വിളിയ്ക്കുന്നു.
ഫോണ്‍ എടുക്കുന്നില്ല.

ആറേഴു മാസം കഴിഞ്ഞാണ്‌ JAയുടെ ഈ പോസ്റ്റ്‌ വായിച്ചത്‌. ഞാന്‍ എത്ര ഭാഗ്യവാന്‍! കാശല്ലല്ലോ കഥയല്ലേ പോയുള്ളൂ. കഥ ഇന്നു വരും നാളെ പോകും. കാശ്‌ അങ്ങനെയാണോ?

ദേശാഭിമാനിക്കാരോട്‌ കഥ വേണോ എന്ന് ഒന്നുകൂടി ചോദിച്ചാലോ?

മനുഷ്യന്‌ പണം പെട്ടെന്ന് പെരുപ്പിക്കാനുള്ള ആഗ്രഹവും എഴുത്തുകാരന്‌ പേര്‌ അച്ചടിച്ചുകാണാനുള്ള ആഗ്രഹവും ഉള്ളിടത്തോളം കാലം ഹര്‍ഷദ്‌ മേത്തമാരും മാഡോഫ്‌മാരും ചിത്രമാരും യുഗേ യുഗേ സംഭവിക്കും. എന്നാല്‍, കള്ളി എന്നായിരുന്നില്ല, കൊച്ചുകള്ളി എന്നായിരുന്നു ചിത്രയ്ക്കു പറ്റിയ പാസ്‌വേഡ്‌. നിക്ഷേപകരെ ചെറുതായി വളര്‍ത്തിയിട്ട്‌ തന്നത്താന്‍ വലുതായി വളരാന്‍ വഴിയുണ്ടെന്ന് അറിയുന്ന ബാങ്കുകാരെപ്പോലെ, അല്‌പം തീറ്റ കൊടുത്ത്‌ പകരം താറാവില്‍നിന്ന് സ്വര്‍ണ്ണത്തിന്റെ മുട്ട കിട്ടുമെന്നു മനസ്സിലാക്കുന്ന കൃഷിക്കാരനെപ്പോലെ, അല്‌പസ്വല്‌പം പൈസയ്ക്കും ചിലപ്പോള്‍ വെറുമൊരു നല്ലവാക്കിനും പകരം എഴുത്തുകാരില്‍നിന്ന് പേജുകണക്കിന്‌ മാറ്റര്‍ കൈക്കലാക്കാമെന്നറിയുന്ന പ്രസിദ്ധീകരണങ്ങളിലെ വന്‍കള്ളന്മാര്‍ക്കു നടുവില്‍, പിടിയ്ക്കപ്പെട്ടു പോയ, ഒരു പാവം കൊച്ചുകള്ളി! 'ബോയിങ്ങ്‌ ബോയിങ്ങ്‌'-ല്‍ മോഹന്‍ലാലിനോടും മുകേഷിനോടും ജഗതി പറയുന്നതുപോലെ 'സാറന്മാര്‍ ഫ്രാഡു പരിപാടികളാണു കാണിക്കുന്നത്‌ എന്നതല്ല, സാറന്മാരുടെ ഫ്രാഡു പരിപാടികള്‍ അവസരത്തിനൊത്ത്‌ ഉയരുന്നില്ല എന്നതാണു നിങ്ങളുടെ പ്രശ്നം.'

<< തോന്നിയവാസം

Monday, July 13, 2009

അതും ഇംഗ്ലീഷായി


ഫോട്ടോ കടപ്പാട്‌: കേരളകൗമുദി


ഭരണത്തിന്റെയും മരണവേദനയുടെയും പ്രേമത്തിന്റെയും ഭാഷ ഇംഗ്ലീഷായപ്പോഴും ഇത്‌ ഇത്ര പെട്ടെന്നുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. കുട്ടികള്‍ക്കുള്ള വാരികകളിലെ കളികളില്‍ പലതും ഇംഗ്ലീഷായപ്പോഴും സ്കൂളില്‍ മലയാളം പറഞ്ഞാല്‍ കുട്ടിയ്ക്ക്‌ പിഴയടയ്ക്കേണ്ടി വരുമെന്നു വന്നപ്പോഴും ടെലിവിഷന്‍ ചാനലില്‍ മലയാളം പറഞ്ഞാല്‍ അവതാരകര്‍ക്ക്‌ പണിതെറിയ്ക്കുമെന്നു വന്നപ്പോഴും സര്‍വ്വകലാശാലതലത്തില്‍ മലയാളസാഹിത്യപഠനം അവസാനിക്കാന്‍ പോകുന്നു എന്നു കേട്ടപ്പോഴും കാര്യങ്ങള്‍ ഇങ്ങോട്ടാണു പോകുന്നതെന്നു കരുതിയിരുന്നില്ല. മലയാളം സാഹിത്യവാരികയില്‍ ചിത്രീകരണത്തിനും ബ്ലോഗില്‍ പുസ്തകാഭിപ്രായമെഴുതാനും മലയാളം പദങ്ങളുടെ ഉത്‌പത്തിയെക്കുറിച്ചെഴുതാനും ഇംഗ്ലീഷേ പറ്റൂ എന്നായപ്പോഴും രാഷ്ട്രീയം എന്നും മലയാളത്തിലായിരിക്കുമെന്നു കരുതിയതാണ്‌. ഇതാ പാര്‍ട്ടിത്തല്ലിന്റെ പോസ്റ്ററുകള്‍ ഇംഗ്ലീഷിലായിരിക്കുന്നു. അതും കറകളഞ്ഞ എസ്‌. എം. എസ്‌. ഇംഗ്ലീഷില്‍ ('Coz എന്നും Pothu Janam എന്നും എഴുതിയിരിക്കുന്നതു കാണുക.) (വാര്‍ത്ത ഇവിടെ).

അതും കഴിഞ്ഞു. ഇനിയെന്താണോ എന്തോ? ഇംഗ്ലീഷ്‌ മുദ്രാവാക്യങ്ങള്‍? പ്രസംഗം? ഖദറിന്റെ ഇംഗ്ലീഷ് സ്യൂട്ടെന്നുതന്നെയല്ലേ?