Tuesday, February 24, 2009

റാവുസാഹേബ്‌, ഷെവലിയര്‍, ശാന്തി, ഓസ്കര്‍


ആധിപത്യങ്ങള്‍ ഉണ്ടായിവരുന്ന സമയത്ത്‌ മാനുഷരെല്ലാരും ഏറെക്കുറെ ഒന്നുപോലെയാണ്‌. കൂടെക്കൂടാന്‍ തയ്യാറുള്ളവരെയെല്ലാം ബാന്‍ഡുവാഗണിലേക്കു കയറ്റിയിരുത്തും.

അതു കഴിഞ്ഞ്‌, ആധിപത്യം സ്ഥാപിച്ചു കഴിയുമ്പോഴാണ്‌, തലപ്പത്തിരിക്കുന്നവര്‍ക്ക്‌ അവിടുത്തെ സ്ഥാനം ഉറപ്പുവരുത്താന്‍ വേണ്ടി ഒഴിവാക്കല്‍ തുടങ്ങുന്നത്‌. യോഗ്യതയ്ക്കു പുതിയ മാനദണ്ഡങ്ങള്‍ വരും. ജാതികൊണ്ടും ഉപജാതികൊണ്ടും ജന്മം കൊണ്ടും കര്‍മ്മംകൊണ്ടും തൊലിനിറം കൊണ്ടും പ്രാദേശികതകൊണ്ടും ഭാഷകൊണ്ടും തലങ്ങും വിലങ്ങും വിവേചിയ്ക്കും.

അവര്‍ പിന്നെ കണ്ണുതുറക്കുന്നത്‌ ആധിപത്യത്തിന്റെ തകര്‍ച്ചയുടെ കരകരശബ്ദം കേള്‍ക്കുമ്പോഴാണ്‌. അപ്പോള്‍ പിന്നെ തകര്‍ച്ച ഒഴിവാക്കാനും നീട്ടിക്കിട്ടാനും വേണ്ടി, താങ്ങിനിര്‍ത്താന്‍ ആളെത്തേടലായി. നിങ്ങളുടെ സ്വന്തം പ്രജാപതിമാരാണു ഞങ്ങളെന്നു ബോധ്യപ്പെടുത്താനുള്ള തിരക്കായി. നിങ്ങളില്ലാതെ ഞങ്ങള്‍ക്ക്‌ എന്ത്‌ ആഘോഷമെന്നായി. സാമ്രാജ്യങ്ങള്‍ തകരാന്‍ പോകുമ്പോള്‍ സര്‍ സ്ഥാനവും ഷെവലിയര്‍ സ്ഥാനവും തേടിപ്പിടിച്ചു കൊടുക്കും. മുമ്പു കുരങ്ങച്ചിമാരെന്നു വിശ്വസിച്ചിരുന്നവരുടെ പിന്മുറക്കാരെ തെരഞ്ഞുപിടിച്ചു വിശ്വസുന്ദരിപ്പട്ടം കൊടുക്കും. പരിശുദ്ധസാമ്രാജ്യങ്ങള്‍ക്കു പുറത്തുനിന്നും കര്‍ദ്ദിനാള്‍മാരും പരിശുദ്ധരും മാര്‍പ്പാപ്പവരെയും ഉണ്ടായിവരും. മുന്‍പു വേദോച്ചാരണം കേട്ടാല്‍ കേഴ്‌വിശക്തി നഷ്ടപ്പെടേണ്ടിവന്നിരുന്നവരുടെ പിന്‍ഗാമികളെ എഴുന്നള്ളിച്ചുകൊണ്ടുവന്നു പൂണൂലും വേദാധികാരവും കൊടുക്കും. പ്രാകൃതഭാഷകളുപേക്ഷിച്ച്‌ പരിഷ്കൃതഭാഷയില്‍ സാഹിത്യമെഴുതുന്നവര്‍ക്ക്‌ ആള്‍ത്തൂക്കം പൊന്നുകൊടുക്കും. ഹോളിവുഡിന്റെ ഹോളിനെസ്സിനെക്കാള്‍ ബോളിവുഡിന്റെ ബോളിയ്ക്ക്‌ ജനപ്രിയമാകുന്നുവെന്നു സംശയം തോന്നുമ്പോള്‍ അന്വേഷണം തുടങ്ങും, ആരുണ്ടൊരോസ്കര്‍ നല്‍കീടാന്‍ ഗുണവാന്‍ കശ്ച വീര്യവാന്‍...

<< തോന്നിയവാസം

5 comments:

Umesh::ഉമേഷ് said...

കൊള്ളാം.

റാവു സാഹേബ് തലക്കെട്ടിലേ ഉള്ളോ?

Sapna Anu B.George said...

വായിച്ചിട്ടൊന്നും പിടികിട്ടിയില്ല മാഷേ....എന്റെ ഒരു അറീവിന്റെ പരിധിവിട്ടുപോയൊ എന്നൊരു തോന്നല്‍.

ജയരാജന്‍ said...

"ആരുണ്ടൊരോസ്കര്‍ നല്‍കീടാന്‍ ഗുണവാന്‍ കശ്ച വീര്യവാന്‍" :)
“ ബോളിവുഡിന്റെ ബോളി ഹോളിവുഡിന്റെ ഹോളിനെസ്സിനെക്കാള്‍ ജനപ്രിയമാകുന്നുവെന്നു സംശയം തോന്നുമ്പോള്‍....” അങ്ങനെയാണെങ്കിൽ ഒരു ഹിന്ദി ചിത്രത്തിന് കൊടുത്താൽ പോരേ? ഏറ്റവും നല്ല വിദേശഭാഷാ ചിത്രം എന്ന ക്യാറ്റഗറിയുമുണ്ട്.
“തോന്നിയവാസം” എന്ന ലേബൽ ആയത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്നാ ശരി...........മാഷെ

രാജേഷ് ആർ. വർമ്മ said...

ഉമേഷ്‌, സപ്ന, ജയരാജന്‍, സഗീര്‍,

നന്ദി.

ജയരാജന്‍,

പുണ്യനഗരമായ ലോസ്‌ ഏഞ്ജലസിന്റെ ചുറ്റുവട്ടത്ത്‌ ഒരാഴ്ചയില്‍ കുറയാതെ വാണിജ്യപരമായി പ്രദര്‍ശിപ്പിക്കാനും ആറായിരത്തോളം വരുന്ന അക്കാദമിയംഗങ്ങളുടെ മതിപ്പുനേടാനും കഴിഞ്ഞാല്‍ ഹിന്ദിപ്പടത്തിനും നാമനിര്‍ദ്ദേശം നേടിയെടുക്കാന്‍ കഴിയും. രണ്ടാമതു പറഞ്ഞതിനു കണ്ടമാനം പരസ്യപ്പണം മുടക്കണം. അതുകഴിഞ്ഞാല്‍ ജയിക്കുകയും വേണം. ഇന്നത്തെ അവസ്ഥയില്‍ അത്ര എളുപ്പമല്ലെന്നു ചുരുക്കം. കുറെ അമേരിക്കന്‍ നിരൂപകരുടെയെങ്കിലും ബലേഭേഷും നല്ല കച്ചവടമൂല്യവുമില്ലെങ്കില്‍ നാമനിര്‍ദ്ദേശം പോലും കിട്ടില്ല. ഇതെല്ലാം കഴിഞ്ഞു വോട്ടിനെത്തിയാല്‍ പണ്ടൊന്നും അംഗീകരിക്കാതിരുന്ന രാജ്യങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ക്കും അവാര്‍ഡുകിട്ടിയെന്നു വരാം.

'മലയാളത്തിലെ പരമോന്നത വര്‍ത്തമാനപ്പത്ര'മെന്നു വിശേഷിപ്പിക്കാവുന്ന മനോരമ എഴുതിയതുപോലെ 'ചലച്ചിത്രലോകത്തെ പരമോന്നത ബഹുമതി' എന്ന തോന്നല്‍ സാധാരണക്കാര്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ സെല്യുലോയ്ഡ്‌ ഡോളറിനു കഴിഞ്ഞിട്ടുണ്ടെന്നതാണ്‌ പ്രധാനം.