Monday, October 09, 2006

കഥാവശേഷന്‍

ഇതൊരു നിരൂപണമല്ല, പടം കണ്ടതിനെത്തുടര്‍ന്നുള്ള ചിതറിയ ചിന്തകള്‍ മാത്രം. പടം കണ്ടിട്ടില്ലാത്തവര്‍ക്കു മുന്നറിയിപ്പ്‌: പരിണാമഗുപ്തിവേണമെന്നുള്ളവര്‍ വായിക്കരുത്‌.

മലയാളത്തില്‍ മറ്റു സംവിധായകരുടെ സിനിമകളില്‍ കാണാത്ത പ്രമേയങ്ങളും കഥാസന്ദര്‍ഭങ്ങളും വിഷയങ്ങളും കാണാന്‍ ടി വി ചന്ദ്രന്‍ തന്നെ ശരണം.

സമൂഹത്തിലെ കിരാതത്വത്തെ ചെറുക്കാന്‍ മതിയായതു ചെയ്യാന്‍ കഴിയുന്നില്ലെന്നു ചൊല്ലി നിരാശനായി ആത്മഹത്യയ്ക്കു പോലും മുതിരാന്‍ മടിയ്ക്കാത്ത നായകന്‌ അത്തരം കിരാതത്വത്തിനു മുതിരാന്‍ തെല്ലും മടിയ്ക്കാത്ത ഒരു സംഘടനയുടെ നായകരിലൊരാളുടെ (നായനാര്‍) പ്രസംഗം 'കഴിയുമെങ്കില്‍ മിസ്സു ചെയ്യാറി'ല്ലെന്നും 'ഹൃദയത്തില്‍ നിന്നു വരുന്നതു പോലെയാണദ്ദേഹം സംസാരിക്കുന്ന'തെന്നുമൊക്കെ പറയാന്‍ കഴിയുമോ?

വര്‍ഗ്ഗീയകലാപത്തില്‍ കൂട്ടബലാത്സംഗത്തിനിരയാവുന്ന പെണ്‍കുട്ടിയെയും തെരുവില്‍ക്കൂടി നടന്നു പോകുമ്പോള്‍ വലിച്ചിഴയ്ക്കപ്പെടുന്ന പെണ്‍കുട്ടിയെയും താങ്ങാനാവാത്ത തുക ആശുപത്രിയ്ക്കു കൊടുക്കാത്തതു കൊണ്ട്‌ ഭാര്യയുടെ ജീവന്‍ നഷ്ടപ്പെടുന്ന തൊഴിലാളിയെയും പോലെ അശരണരുടെ പട്ടികയില്‍ സുസംഘടിതരായ അധ്യാപകരെയും പെടുത്തുന്നതു ശരിയാണോ? അവരുടെ സമരപ്പന്തല്‍ ഇത്ര ശുഷ്കമോ? അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലോ?

ദിലീപിന്റെ കഥാപാത്രത്തിന്‌ പോളിഷ്‌ സ്വല്‍പം കൂടുതലായിപ്പോയോ? ആത്മാവു നഷ്ടപ്പെട്ട ഒരു സമൂഹത്തില്‍ ആത്മാവു നഷ്ടപ്പെടാതെ ജീവിക്കുന്ന ഒരാള്‍ ഇത്ര പൊരുത്തപ്പെട്ടു കഴിയുന്നവനായിരിക്കുമോ? സ്വല്‍പം അബ്‌നോര്‍മല്‍ ആയ ഒരാള്‍ക്കല്ലേ അതു കഴിയൂ?

ഒരേ സംഭവങ്ങള്‍ പലരുടെ കണ്ണുകളില്‍ കൂടി പലതവണ കാണിച്ചിരിക്കുന്നതില്‍ നിന്നു കാഴ്ചക്കാരനു പുതുതായെന്തെങ്കിലും കിട്ടുന്നുണ്ടോ എന്നു സംശയമുണ്ട്‌.

ആത്മഹത്യയെക്കുറിച്ചു ഗവേഷണം നടത്തുന്ന സ്ഥാപനത്തിന്റെ അന്തരീക്ഷസൃഷ്ടിയ്ക്കു വിശ്വാസ്യതപോര. അത്തരമൊരന്തരീക്ഷം ഒരു അസംബന്ധകഥയ്ക്കായിരുന്നു കൂടുതല്‍ യോജിച്ചത്‌.

ഹൃദയം പൊട്ടി കരഞ്ഞ്‌, പല കഥകളും പറഞ്ഞ്‌, തുരപ്പന്‍ സ്ഥലംവിടുമ്പോള്‍ കക്കാന്‍ മടിക്കുന്നില്ലെന്നതു നന്നായി.

ടി വി ചന്ദ്രന്റെ മറ്റു സിനിമകളിലേതു പോലെ ചില ചെറിയ കഥാപാത്രങ്ങള്‍ വലിയവയെക്കാള്‍ പൊലിയ്ക്കുന്നു (സലിംകുമാറിന്റെ കഥാപാത്രം). സംവിധായകന്റെ തന്നെ 'ഡാനി'യിലെ ഒരു കഥാപാത്രം (ചവരോ) ഒരു സ്ഥിതിവിവരക്കണക്കു മാത്രമായി കടന്നു വന്നതും നന്നായി.

നായകന്റെ പല ചെയ്തികളോടും യോജിയ്ക്കുന്ന കാഴ്ചക്കാര്‍ക്കു പോലും ബാച്ചിലര്‍ പാര്‍ട്ടിയില്‍ തന്നെ പരിഹസിക്കാന്‍ ജാതി പ്രയോഗിക്കുന്നയാളുടെ വായടപ്പിക്കാന്‍ അക്രമം ഉപയോഗിക്കുന്നതിനോടു യോജിക്കാന്‍ കഴിയുമോ എന്നു സംശയമാണ്‌.

യാദൃശ്ചികതകള്‍ കുറച്ചു കൂടുതലായിപ്പോയി. ഉദാഹരണത്തിന്‌, ചില കഥാപാത്രങ്ങള്‍ (പ്രത്യേകിച്ചും കള്ളന്‍) നായികയെത്തേടിയെത്തുന്നതിനെക്കാള്‍ നായിക അവനെത്തേടിപ്പോകുന്നതായിരുന്നു ഭേദമെന്നു തോന്നിപ്പോകുന്നു.

സംഭാഷണങ്ങള്‍ക്കു മിനുക്കുപണി ബാക്കിയുള്ളതുപോലെ അനുഭവപ്പെടുന്നു.

താരങ്ങള്‍ക്കു ദുര്‍മ്മരണമുണ്ടാകുമ്പോള്‍ എന്തുകൊണ്ടാണ്‌ ഉറങ്ങുന്നതുപോലെ ശാന്തമായ മുഖമുള്ളത്‌? മറ്റെല്ലാവരും, സിനിമകളിലെ ചെറുകഥാപാത്രങ്ങള്‍ പോലും, തൂങ്ങിമരിക്കുമ്പോള്‍ തുറിച്ച കണ്ണും ചാടിയ നാക്കും ഒക്കെയല്ലേ പതിവ്‌?

ഒരു രംഗത്തില്‍ ഭിത്തിയില്‍ പോസ്റ്ററായി പ്രത്യക്ഷപ്പെടുന്ന ചലച്ചിത്രസംവിധായകന്‍ അരവിന്ദന്റെ രൂപത്തിനെന്താണാവോ പ്രസക്തി? 'ഞാന്‍ മരിച്ചിട്ട്‌ അവന്‍ ജീവിച്ചാല്‍ മതിയായിരുന്നു' എന്നു പലകഥാപാത്രങ്ങളും പറഞ്ഞിരിക്കുന്നത്‌ ചലച്ചിത്രകാരന്റെയും അഭിപ്രായമാണോ?

<< മറ്റു പടങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍

5 comments:

Anonymous said...

ഭയങ്കര ബോറ് പടമായിരുന്നു. എല്ലാം കൂടി കൂട്ടിക്കുഴച്ച് അവിയല്‍ പരുവമാക്കി.

രാജേഷ് ആർ. വർമ്മ said...

ഇഞ്ചി പറഞ്ഞതിനോടു യോജിപ്പില്ല. പോരായ്മകളുണ്ടായിരുന്നെങ്കിലും ഇനിയൊരവസരം കിട്ടിയാല്‍ തീര്‍ച്ചയായും വീണ്ടും കാണാന്‍ താത്‌പര്യമുള്ള കൂട്ടത്തിലാണ്‌ ഈ പടം എനിക്ക്‌. പതറാത്ത ധാര്‍മ്മികബോധമുള്ള ഒരു കഥാപാത്രത്തെ സമകാലികമായ കുറെ ദിശാസന്ധികളില്‍ കൊണ്ടു നിറുത്തി അയാള്‍ എന്തു ചെയ്യുന്നു എന്നു നിരീക്ഷിക്കുകയാണ്‌ ഈ സിനിമ എന്നു തോന്നുന്നു. ആ സന്ദര്‍ഭങ്ങളുടെ എണ്ണം കൂടിപ്പോയതുപോലെ തോന്നിയോ?

മോളമ്മ said...

ഗര്‍ഷോം, കഥവശേഷന്‍ എന്നിവയെ സംബന്ധിച്ച് ഒരു കുറിപ്പെഴുതാന്‍ ഇരുന്നപ്പോള്‍ നടത്തിയ തിരച്ചിലിലാണ് ഇതു കാണുന്നത്. രണ്ടിലും കാണുന്നത് അപകടകരമായ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് സമൂഹത്തില്‍ നിലനില്‍ക്കാനാവുമോ എന്ന ചോദ്യമാണ്. ധാര്‍മ്മികബോധത്തിനു പകരം സത്യസന്ധത എന്നൊരാംഗിളില്‍ നോക്കുമ്പോള്‍ ഈ പോസ്റ്റിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നുണ്ട്.

ഇനിയൊരവസരം കിട്ടിയാല്‍ തീര്‍ച്ചയായും വീണ്ടും കാണും രണ്ട് സിനിമയും. രണ്ടാമത്തെ കമന്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല.

രാജേഷ് ആർ. വർമ്മ said...

ഇതായിരുന്നു കമന്റില്‍ മുറിഞ്ഞുപോയ ലിങ്ക്‌.

ഗര്‍ഷോം ശരിതന്നെ. എന്നാല്‍, കഥാവശേഷന്റെ പ്രശ്നം സത്യസന്ധതമാത്രമാണോ? പ്രതികരിക്കാതിരിക്കാന്‍ കഴിയാത്തതും ഒരുതരം സത്യസന്ധതയാണെന്നു പരിഗണിച്ചാല്‍ ശരിയായിരിക്കാം. ഏതു ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടുമെന്നാണുദ്ദേശിച്ചത്‌?

മോളമ്മ said...

"ആത്മാവു നഷ്ടപ്പെട്ട ഒരു സമൂഹത്തില്‍ ആത്മാവു നഷ്ടപ്പെടാതെ ജീവിക്കുന്ന ഒരാള്‍ ഇത്ര പൊരുത്തപ്പെട്ടു കഴിയുന്നവനായിരിക്കുമോ? സ്വല്‍പം അബ്‌നോര്‍മല്‍ ആയ ഒരാള്‍ക്കല്ലേ അതു കഴിയൂ?"

ഈ ചോദ്യത്തിനുത്തരം കിട്ടില്ലേ? ഇയാള്‍ സമൂഹത്തെ അങ്ങനെ ആത്മാവ് നഷ്ടപ്പെട്ടതായി കാണുന്നുണ്ടോ? ഇല്ലെന്ന് തോന്നി. അയാള്‍ അയാളുടെ ക്ലോസ് സര്‍ക്കിളില്‍ പോലും സമൂഹത്തെ കുറിച്ച് ആത്മാവില്ല എന്നൊരു അഭിപ്രായം പ്രകടിപ്പിച്ച് കണ്ടില്ല. കള്ളന്റെ ദുരിതങ്ങള്‍ പോലും അയാളുടെ മനസ്സലിയിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിലെ ദുരിതങ്ങളോട് ഏറ്റവും ആത്മാര്‍ത്ഥമായി പ്രതികരിക്കുന്നു എന്നതല്ലേ ഇയാളുടെ പ്രശ്നം. ആ കുട്ടിയെ രക്ഷിക്കുമ്പോഴും, വൈകിയ സമയത്ത് വേലക്കാ‍രിയെ കൊണ്ട് ചെന്നാക്കുമ്പോഴും ഇതല്ലേ പ്രകടമാക്കുന്നത്. ആത്മാര്‍ത്ഥത കുറഞ്ഞ, എന്നാല്‍ അനീതിയ്ക്കെതിരെ പ്രതികരിച്ചു എന്ന് സെല്‍ഫ് സാറ്റിസ്ഫാക്ഷന്‍ കിട്ടുന്ന വഴികള്‍ അയാള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നു. ഉദാഹരണം ആ വേലക്കാരിയെ ഒരു കാറ് വിളിച്ച് പറഞ്ഞ് വിടാം. ആ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് വഴി കണ്ടെത്താം. ഇതൊക്കെ സ്വയം റിസ്കില്ലാത്ത താരതമ്യേന സുരക്ഷിതമായ വഴികളാണല്ലോ.പക്ഷേ അയാള്‍ അങ്ങനെയല്ല കാര്യങ്ങള്‍ കാണുന്നത്.

നയനാര്‍ ചോദ്യത്തിനും, അദ്ധ്യാപകസമരം ചോദ്യത്തിനും ഇത് തന്നെ ആണ് മറുപടി. അയാള്‍ നയനാരെ അല്ല കാണുന്നത്. നയനാരിലൂടെ തനിക്ക് ആഭിമുഖ്യമുള്ള പാര്‍ട്ടിയെ ആണ്. അതിനോടുള്ള സത്യസന്ധത ആണ് പുറത്ത് വരുന്ന വാക്കുകള്‍. ഏതൊരു അവകാശ സംരക്ഷണ സമരത്തിനോടും തനിക്കുള്ള ആഭിമുഖ്യം അയാള്‍ 100% സത്യസന്ധതമാ‍യി പ്രകടീപ്പിക്കാന്‍ ശ്രമിച്ചതാണ് സമരപന്തല്‍ രംഗമെന്നാണ് മനസ്സിലായത്. സമരപന്തലിലെ സുഹൃത്തിനെ അയാള്‍ തീരിച്ചറിയുന്നുണ്ടോ? ഇല്ലെന്നാണ് ഓര്‍മ്മ.