Tuesday, September 26, 2006

പുതിയ കുപ്പിയില്‍

നടനും കവിയുമായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ഒരു സമസ്യയ്ക്ക്‌ എന്റെ രണ്ടുപൂരണങ്ങള്‍:

വരവുചെലവ്‌

വലിയ ശമ്പളമപ്പടി നിന്റെ കൈ-
മലരില്‍ വെയ്ക്കുവതെന്‍ പതിവല്ലയോ?
സ്ഖലിതമിന്നു പൊറുക്കണമേ, വധൂ-
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.



പ്ലാച്ചിമട വിശേഷാല്‍ പതിപ്പ്‌
വില പെരുത്തു കൊടുത്തു കിടച്ചിടും
പലയിനങ്ങളിലുള്ളൊരു കോളകള്‍
ചിലതിലുണ്ടു വിഷാംശ,മതോര്‍ക്കയാല്‍
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

4 comments:

രാജേഷ് ആർ. വർമ്മ said...

നാരങ്ങാവെള്ളം കുടിക്കാം, ബോഞ്ചി, സര്‍വത്ത്‌...

സു | Su said...

കുടിച്ചു. നല്ല സ്വാദ് :)

ഉമേഷ്::Umesh said...

എന്റെ രണ്ടു പൂരണങ്ങള്‍:

1)
പല വിധത്തിലുമുണ്ടു കുടിക്കുവാന്‍
വിലയെഴും മധുരം; ബത ദോഹദേ
പുളിയെനിക്കു ഹിതം, രസികോത്തമര്‍-
ക്കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍!


(ദോഹദം = ഗര്‍ഭകാലം)

2)
ലളിതമാണിതു കൂട്ടുവതിന്നു, മെയ്‌
തളരുമേവനുമേറ്റവുമാശ്രയം,
വളരെ വൈറ്റമിനു, ണ്ടതിനാല്‍ ഭിഷക്‌-
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍!


ഇവ നാലും അക്ഷരശ്ലോകം ഗ്രൂപ്പിലെ ഇ-സദസ്സില്‍ ചൊല്ലാന്‍ വേണ്ടി എഴുതിയവയാണു്.

രാജേഷ് ആർ. വർമ്മ said...

സു, ഉമേഷ്‌, നന്ദി