Tuesday, August 29, 2006

തന്നോളം വളര്‍ന്നാല്‍

മഹാറാണിയെപ്പോലെയഞ്ചാണ്ടു കാലം,
തികച്ചും പണിക്കാരിയായ്‌ പത്തു കൊല്ലം,
മകള്‍ക്കെട്ടുമെട്ടും വയസ്സായിടുമ്പോള്‍
സഖിക്കൊപ്പമായും നിനച്ചീട വേണം

"രാജവത്‌ പഞ്ചവര്‍ഷാണി..." എന്ന ശ്ലോകത്തിന്റെ പ്രതിച്ഛായ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Thursday, August 24, 2006

ഗുരുസാഗരം

നാലിലൊരു പങ്കറിവു തന്നരുളുമാശാന്‍;
നാലിലൊരു പങ്കറിയണം തനിയെ ശിഷ്യന്‍;
നാലിലൊരു പങ്കു സഹപാഠികളില്‍ നിന്നും;
നാലിലൊരു പങ്കറിവതിന്നു തുണ കാലം.

"ആചാര്യാത്‌ പാദമാദത്തേ" എന്ന ശ്ലോകത്തിന്റെ തര്‍ജ്ജമ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Wednesday, August 23, 2006

ശരണമയ്യപ്പാ!

യൗവ്വനത്തിന്റെ ഉച്ചകോടിയില്‍, 76-ാ‍ം വയസ്സില്‍ അന്തരിച്ച അയ്യപ്പപ്പണിക്കര്‍ക്ക്‌ ആദരാഞ്ജലികള്‍!

Sunday, August 20, 2006

വടക്കുംനാഥന്‍

അടുത്തകാലത്തു കണ്ട മിക്ക മലയാളം പടങ്ങളെക്കാളും നല്ലത്‌ എന്നു പറഞ്ഞാല്‍ അതൊരു പ്രശംസായി ആരും വിചാരിക്കുകയില്ലല്ലോ. ഇതു കാണണമെന്നു ശുപാര്‍ശ ചെയ്തവരിലുള്ള മതിപ്പുമൂലവും ഗിരീഷ്‌ പുത്തഞ്ചേരിയുടെ തിരക്കഥ എന്നു കേട്ടതുകൊണ്ടും പ്രതീക്ഷ കുറച്ചു കൂടിപ്പോയി എന്നതാണ്‌ എനിക്കു പറ്റിയ അബദ്ധം.

കേള്‍ക്കാന്‍ സുഖമുള്ള ഒരു പേരിട്ടതായിരിക്കും. അല്ലാതെ പടവുമായുള്ള ബന്ധം പിടികിട്ടിയില്ല.

കഥപറയാന്‍ ഫ്ലാഷ്‌ബാക്കുപയോഗിക്കുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ, ഫ്ലാഷ്‌ബാക്ക്‌ നായകന്റേതാവുമ്പോള്‍, അതില്‍ വരുമായിരുന്ന പല സംഭവങ്ങളും പരിണാമഗുപ്തിയ്ക്കു വേണ്ടി വിട്ടുകളഞ്ഞതു നന്നായില്ല. ഇതിനകത്തു നായിക അറിയുന്ന സംഭവങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂ എന്നതുകൊണ്ട്‌ നായികയുടെ ഫ്ലാഷ്‌ബാക്കാക്കുന്നതായിരുന്നു ഭേദം.

നായകനെ സംസ്കൃതസര്‍വ്വകലാശാലയിലെ വേദാന്തം പ്രൊഫസറാക്കിയത്‌ പുതുമയ്ക്കുവേണ്ടിയായിരിക്കും. അതോ കഥയുടെ ഋഷികേശ്‌ പശ്ചാത്തലവുമൊക്കെച്ചേര്‍ന്ന്‌ കാഴ്ചക്കാരെ ഒന്നു കുഴക്കിക്കളയാം എന്നുവെച്ചിട്ടോ?

കരണത്തടി (രണ്ടെണ്ണം പ്രേക്ഷകരുടെ മുന്‍പില്‍ വെച്ച്‌) കിട്ടും തോറും നായകനോടുള്ള ആരാധന വര്‍ധിക്കുകയും നായകനും വില്ലനും തമ്മില്‍ അടിനടക്കുമ്പോള്‍ അതിന്റെ ഫലപ്രഖ്യാപനമുണ്ടാവാന്‍ കാത്ത്‌ കാറിലിരിക്കുകയും ചെയ്യുന്ന ഒരു 'പൂച്ചക്കുട്ടന്‍' ആയി പദ്മപ്രിയയെ സങ്കല്‍പിക്കാന്‍ വിഷമമുണ്ട്‌. നയന്‍താരയോ മറ്റോ ആയിരുന്നു ഭേദം.

ഭാര്യയെ കരണത്തടിയ്ക്കുന്ന കഥാപാത്രങ്ങളില്‍ നായികയുടെ സഹോദരനുമുണ്ട്‌. തൃശ്ശൂര്‍ ജില്ലയിലൊക്കെ ഇതു സാധാരണ പരിപാടിയായിരിക്കും.

വല്ലപ്പോഴുമൊരിക്കല്‍ മാത്രം അബ്‌നോര്‍മല്‍ ആയി പെരുമാറുന്ന നായകനെ വിട്ട്‌ എപ്പോഴും അബ്‌നോര്‍മല്‍ ആയിത്തന്നെയിരിക്കുന്ന സഹോദരനെക്കൊണ്ട്‌ മകളെ വിവാഹം കഴിപ്പിക്കാന്‍ നായികയുടെ അച്ഛന്‍ തീരുമാനിക്കുന്നതിനു വിശ്വാസ്യതയില്ല.

നല്ല കുറെ പാട്ടുകളെഴുതിയിട്ടുള്ള ഗിരീഷ്‌ പുത്തഞ്ചേരിയില്‍ നിന്ന് ഇതിലും നല്ല തിരക്കഥകള്‍ ഭാവിയില്‍ പ്രതീക്ഷിക്കുന്നു.

Tuesday, August 15, 2006

സ്വാതന്ത്ര്യദിനസ്മരണകള്‍

പോര്‍ട്‌ലന്‍ഡില്‍ വെച്ച്‌ 2003 ഓഗസ്റ്റ്‌ 15-ന്‌ നടന്ന ഒരു വിധിനിര്‍ണ്ണായകമായ അക്ഷരശ്ലോകസദസ്സിനെത്തുടര്‍ന്നാണ്‌ ഞാന്‍ ഒരു ശ്ലോകരോഗിയായി മാറിയത്‌. ഇതില്‍ ഒരു പ്രമുഖബ്ലോഗര്‍ക്ക്‌ വലിയ പങ്കുണ്ട്‌. ആ രഹസ്യം വെളിപ്പെടുത്താനും ആ ബ്ലോഗറെപ്പറ്റി മാന്യവായനക്കാര്‍ക്കു മുന്നറിയിപ്പുതരാനും ഈ മൂന്നാം വാര്‍ഷികദിനം ഉപയോഗിച്ചുകൊള്ളട്ടെ.

പുണ്യഭൂമിയായ തിരുവല്ലയില്‍ പുണ്യശ്ലോകികളില്ലാതിരുന്നതു കൊണ്ട്‌ ഞാന്‍ ഒരിക്കലും ശ്ലോകത്തിന്റെ സ്വാധീനവലയത്തില്‍ പെട്ടില്ല. ബാലതാരമായിരുന്ന ഒരു അക്ഷരശ്ലോകക്കാരിയെ കല്യാണം കഴിച്ചെങ്കിലും ആ വനിത, ആ ഗൃഹലക്ഷ്മി, ആ മഹിളാരത്നം എന്നോടു കനിവുതോന്നി എന്നെ ശ്ലോകങ്ങള്‍ക്ക്‌ അടിമയാക്കിയില്ല. ഞാന്‍ ഷിക്കാഗോയിലായിരുന്നപ്പോള്‍ അവിടെ ആള്‍ക്കാരെ ശ്ലോകം ചൊല്ലിക്കേള്‍പ്പിക്കുന്ന ഒരാള്‍ വരുന്നു എന്നുകേട്ട്‌ ഞാന്‍ വേഗം തന്നെ അവിടം വിട്ടു പോര്‍ട്‌ലന്‍ഡിലേക്കു പോന്നു. അവിടെയുള്ള ആളുകള്‍ വേഗം തന്നെ ആപത്തു തിരിച്ചറിഞ്ഞ്‌ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയും ഷിക്കാഗോയില്‍ ഇരകള്‍ കിട്ടാതെ വരികയും ചെയ്തതിനെത്തുടര്‍ന്ന് ഇദ്ദേഹവും പോര്‍ട്‌ലന്‍ഡിലേക്കു വരികയുമാണുണ്ടായത്‌. വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയും!

ഇവിടെ ഇദ്ദേഹം വന്ന് രണ്ടുമൂന്നു വര്‍ഷത്തോളം അദ്ദേഹത്തില്‍ നിന്നു രക്ഷപെട്ടുജീവിക്കാന്‍ സൂക്ഷ്മതമൂലം എനിക്കു കഴിഞ്ഞു. എന്നാല്‍, ഇന്നേക്കു മൂന്നുവര്‍ഷം മുന്‍പ്‌, ആ ദുര്‍ദ്ദിനത്തില്‍ വൃത്തത്തില്‍ ചതുരനായ ഇദ്ദേഹം എന്നെ പിടികൂടിയ സംഭവം ഇന്നും എനിക്ക്‌ ഒരു നടുക്കത്തോടുകൂടിയേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. തുടര്‍ന്നുള്ള ദിവസങ്ങളില്‍, ഓഫീസില്‍ ഞാന്‍ കര്‍മ്മനിരതനായിരിക്കുന്ന വേളകളില്‍ ഫോണില്‍ വിളിച്ച്‌, വൃത്തം, അലങ്കാരം, ഭാഷാചരിത്രം, വ്യാകരണം, സംസ്കൃതം തുടങ്ങിയ മേഖലകളിലെ വിവരങ്ങള്‍ എന്റെ മേല്‍ അടിച്ചേല്‍പിക്കുക, എനിക്ക്‌ പഠിയ്ക്കാനായി ശ്ലോകങ്ങള്‍ എഴുത്തിത്തരിക, അവ കൃത്യസമയത്ത്‌ പഠിക്കാതിരുന്നാല്‍ എന്നെ ശാരീരികമായി ഉപദ്രവിക്കുക, മാനസികമായി തളര്‍ത്തുക എന്നിങ്ങനെ വിവരണാതീതമായ ദുരിതങ്ങളാണ്‌ എനിക്കു സഹിക്കേണ്ടിവന്നത്‌. എന്തിനേറെ പറയുന്നു? ഞാനും ഒരു ശ്ലോകരോഗിയായി എന്നതായിരുന്നു പരിണതഫലം.

എന്നെ സ്വാധീനിച്ചു കഴിഞ്ഞ ഇദ്ദേഹം ഇന്റര്‍നെറ്റ്‌ എന്ന മാരകായുധം ഉപയോഗിച്ച്‌ ഒരു അക്ഷരശ്ലോകഗ്രൂപ്പ്‌ തുടങ്ങുകയും നിരപരാധികളായ പലരും അതില്‍ വീഴുകയുമുണ്ടായി. അതുകൊണ്ടും നിര്‍ത്താതെ ബ്ലോഗ്‌, വിക്കിപീഡിയ തുടങ്ങിയ പുതിയ മാധ്യങ്ങളുപയോഗിച്ച്‌ ഇദ്ദേഹം തന്റെ ദൂഷിതവലയം വിശാലമാക്കുകയും അതില്‍ നിഷ്കളങ്കരായ പലരും ചെന്നുപെട്ട്‌ 'ഊനകാകളി', 'സ്വാഗത' എന്നൊക്കെ പറഞ്ഞു നടക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ഇതിനു നിശ്ശബ്ദസാക്ഷിയായിരിക്കാന്‍ ഇനി എനിക്കു കഴിയില്ല എന്നു ഞാന്‍ തീരുമാനിച്ചതിന്റെ ഫലമാണ്‌ ഈ കുറിപ്പ്‌. ഒരു ഗുരുവായി അറിയപ്പെടുക എന്നതാണ്‌ ഇദ്ദേഹത്തിന്റെ ചിരകാലാഭിലാഷം. ഈ ഗൂഢോദ്ദേശ്യത്തോടെയാണ്‌ ഇദ്ദേഹം തന്റെ ബ്ലോഗിന്‌ 'ഗുരുകുലം' എന്ന്‌ പേരുകൊടുത്തിരിക്കുന്നത്‌.

ഇദ്ദേഹത്തിന്റെ ഇരകളില്‍ താരതമ്യേന ഭാഗ്യശാലിയായ ഞാന്‍ ശ്ലോകത്തില്‍ ഒതുങ്ങിനിന്നെങ്കില്‍, ബ്ലോഗില്‍ ഗണിതം, ജ്യോതിശ്ശാസ്ത്രം, റഷ്യന്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌ തുടങ്ങിയ പല പീഡനമുറകളും അദ്ദേഹം ഒരുക്കിവെച്ചിട്ടുണ്ട്‌. ഇതിലൊക്കെ ചെന്നുപെട്ടാല്‍ ജീവിതം തന്നെ തുലയുമെന്നും എന്നെപ്പോലെ വിവര്‍ത്തനവും മറ്റുമായി ജീവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പു തന്നുകൊണ്ട്‌, ഈ സ്വാതന്ത്ര്യദിനം നിങ്ങള്‍ക്ക്‌ അടിമത്തത്തില്‍ നിന്നുള്ള ശാശ്വതസ്വാതന്ത്ര്യത്തിന്റേതാകട്ടെ എന്നാശംസിച്ചുകൊണ്ട്‌ ഉപസംഹരിക്കട്ടെ.

ജയ്‌ഹിന്ദ്‌!

<< എന്റെ മറ്റു മനോഗതങ്ങള്‍

കാമാന്ധന്‍

കാഴ്ചയില്ല പകലൂമനു തെല്ലും
കാഴ്ചയില്ല നിശി കാകനുമൊട്ടും
വായ്‌ച്ച കാമമതിരറ്റവനോര്‍ത്താല്‍
കാഴ്ചയില്ലറിക രാപകലൊപ്പം

"ദിവാപശ്യതി നോലൂകഃ" എന്ന ശ്ലോകത്തിന്റെ വിവര്‍ത്തനം

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Friday, August 11, 2006

പാമ്പിനു പാലു കൊടുത്താല്‍

ഉതകീടൊല തീയവര്‍ക്കു നാ-
മതു വന്‍ വിനയായി വന്നിടും
കുതുകത്തൊടു പാലു നല്‍കിയാ-
ലതു പാമ്പിനു കൂട്ടിടും വിഷം

"ഉപകാരോപി നീചാനാം" എന്ന ശ്ലോകത്തിന്റെ പരിഭാഷ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Tuesday, August 08, 2006

പെണ്ണായ്‌ പിറന്നാല്‍

മൂട്ടയും കൊതുകുമൊത്തു രാത്രിയില്‍,
കെട്ട തെണ്ടികളുമീച്ചയും പകല്‍,
വേട്ടയാടുവതിനുണ്ടു രാപകല്‍
വേട്ടപൂരുഷ, നുറുമ്പുമൊന്നുപോല്‍

"മശകോ മക്കുണോ" എന്ന ശ്ലോകത്തിന്റെ പ്രതിച്ഛായ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

കൂമന്റെ കാഴ്ച

നിരപ്പായ്പ്പാരെല്ലാം കതിരു ചൊരിയും ഭാസ്ക്കരനിലും
തരക്കേടായ്‌ കാണുന്നസമതയുലൂകങ്ങളതുപോല്‍
ഒരേപോല്‍ പാഠം ചൊന്നരുളിടുകിലും വേര്‍തിരിവുതാന്‍
ഗുരുക്കള്‍ക്കോരുന്നൂ മിഴികളിറുകെപ്പൂട്ടിയ ജനം

ജ്യോതിര്‍മയി പി. സി. യുടെ "സമത്വദര്‍ശീ തു ദിവാകരോ" എന്ന ശ്ലോകത്തിന്റെ തര്‍ജ്ജമ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Tuesday, August 01, 2006

ധനത്തില്‍ മികച്ചത്‌

എടുത്തുകൊണ്ടു പോവുകില്ല കള്ളനും നൃപാലനും,
പകുത്തിടേണ്ട സോദരര്‍ക്കു, ഭാരമില്ല താങ്ങുവാന്‍,
കൊടുത്തുകൊണ്ടിരിക്കുകില്‍ പെരുപ്പമേറിവന്നിടും -
ധനത്തിലേറ്റമുത്തമം പഠിത്തമെന്നൊരാ ധനം

'ന ചോരഹാര്യം ന ച രാജഹാര്യം' എന്ന സംസ്കൃതശ്ലോകത്തിന്റെ വിവര്‍ത്തനം.

<< എന്റെ മറ്റു ശ്ലോകങ്ങള്‍