Sunday, April 30, 2006

കവിയുടെ ചെറുപ്പത്തിലെ ഒരു ഛായാചിത്രം

ചേലപ്പറമ്പു നമ്പൂതിരിയുടെ ഈ ശ്ലോകം
പ്രസിദ്ധമാണ്‌:
അബ്ദാര്‍ദ്ധേന ഹരിം പ്രസന്നമകരോദൌത്താനപാദിശ്ശിശു,-
സ്സപ്താഹേന നൃപഃ പരീക്ഷി, ദബലാ യാമാര്‍ദ്ധതഃ പിംഗളാ
ഖട്വാംഗോ ഘടികാദ്വയേന - നവതി പ്രായോപി തന്നവ്യഥേ
തം കാരുണ്യനിധിം പ്രപദ്യശരണം ശേഷായുഷാ തോഷയേ

തോണ്ണൂറു വയസ്സു കഴിഞ്ഞ കാലത്താണ്‌ ഇദ്ദേഹം ഈ ശ്ലോകം എഴുതിയത്‌.
എന്നാല്‍, തന്റെ മുപ്പതുകളില്‍ അദ്ദേഹം ഇതിനോടു ബന്ധപ്പെട്ട മറ്റൊരു ശ്ലോകം
എഴുതുകയുണ്ടായി എന്നു വ്യക്തമായിരിക്കുന്നു. അമേരിക്കയില്‍
പോര്‍ട്ട്‌ലന്‍ഡിനടുത്തു നിന്ന്‌ അടുത്ത കാലത്തു ലഭിച്ച ചില
ഗ്രന്ഥങ്ങളില്‍ ഒന്നിലാണ്‌ ഈ ശ്ലോകം കാണപ്പെട്ടിരിക്കുന്നത്‌:


ആണ്ടില്‍പ്പാതി തപസ്സു ചെയ്തു ധ്രുവനാം ബാലന്‍, പരീക്ഷിത്തു താ-
നേഴേയേഴു ദിനത്തി, ലംഗനയൊരാള്‍ യാമാര്‍ദ്ധമാത്രത്തിനാല്‍
നേടീ മോക്ഷമതെങ്കിലെന്തിനു വൃഥാ പാഴാക്കിടുന്നൂ ഭജി-
ച്ചീ നല്‍ യൌവ്വന, മാണ്ടു നൂറു തികയുമ്പോഴോര്‍ക്ക ദൈവത്തിനെ!

<< എന്റെ മറ്റു ശ്ലോകങ്ങള്‍

അമേരിക്കന്‍ മാതാവ്‌

പൊയ്പ്പോയീ പേറ്റുനോവിന്‍ കഥ, രുചികുറവി-
ന്നുണ്ടു നല്ലൌഷധങ്ങള്‍
കയ്യല്‍പം വൃത്തികേടായിടുവതുമൊഴിവായ്‌ -
വന്നുവല്ലോ ഡയപ്പര്‍,
ശോഷിക്കുന്നില്ല ദേഹം, "പുനരൊരു വിഷമം
ഡോക്ടറേ, ഗര്‍ഭഭാരം
കൂടിത്തെല്ലൊന്നിളയ്ക്കാന്‍ തരിക ഗുളിക"യെ-
ന്നോതുമമ്മേ, തൊഴുന്നേന്‍!

ഇത്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ താഴെക്കാണുന്ന ശ്ലോകത്തിന്റെ ഹാസ്യാനുകരണമാണ്‌:

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചി കുറയും കാല, മേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍!


ചെറുപ്പത്തില്‍ ഏതാനും ശ്ലോകങ്ങള്‍ എഴുതിയതിനുശേഷം വളരെക്കാലത്തിനുശേഷം എഴുതിയ ആദ്യത്തെ ശ്ലോകമാണിത്‌.
ഈ ശ്ലോകത്തെപ്പറ്റി പരാമര്‍ശിക്കുന്ന ഉമേഷിന്റെ പോസ്റ്റ്‌ കാണുക.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Saturday, April 01, 2006

നിയമവിരുദ്ധമായ ഒരു വാതില്‍

മുഖവുര ഒന്ന്‌

ഒരു വാതില്‍ സങ്കല്‍പിക്കുക. തടിക്കതകുകളാണ്‌. ഒരു കതക്‌ ഇടത്തോട്ടു തള്ളിയാല്‍ മട്ടേതിന്റെ മുകളിലേക്കു നിരങ്ങിക്കയറും. വഴിയുണ്ടാവും. അപ്പോള്‍ ആ വാതിലില്‍ ഒരു വല ഘടിപ്പിച്ചിരിക്കുന്നതായി സങ്കല്‍പിക്കുക; വാതിലില്‍ ആണിയടിച്ചുറപ്പിച്ചിരിക്കുന്ന, നന്നായി വലിയുന്ന ഒരു കെണി. അതില്‍ക്കൂടി ഒരാള്‍ പുറത്തിറങ്ങിയാലോ? ആ അവസ്ഥയാണു ജയലാലുവിനുണ്ടായത്‌. അതു നിയമവിരുദ്ധമായ വാതിലായിരുന്നു.

മുഖവുര രണ്ട്‌

ജയലാലു എം.കെ. നിയമവിധേയനായ ഒരു വിദ്യാര്‍ത്ഥിയാണ്‌, ഞങ്ങളുടെ കോളജിലെ വിദ്യാര്‍ത്ഥി. സമരങ്ങളുണ്ടാകുന്ന ദിവസങ്ങളില്‍ ലൈബ്രറിയെ ശരണംപ്രാപിക്കുകയും എല്ലാ ക്ലാസുകളിലും ഹാജരാവുകയും രാഷ്ര്ടീയസംഘടനകളില്‍ അംഗമാവാതിരിക്കുകയും എല്ലാ ഫീസും ഫൈന്‍ കൂടാതെ കൊടുത്തുതീര്‍ക്കുകയും ചെയ്യുന്ന അയാള്‍ ലംഘിച്ചിട്ടുള്ള ഏതെങ്കിലും നിയമത്തെക്കുറിച്ച്‌ കേട്ടുകേഴ്വിപോലുമില്ല. ഇക്കാരണത്താല്‍ അയാള്‍ ഭീരുവായിട്ടാണ്‌ പൊതുവെ അറിയപ്പെടുന്നത്‌. ലൈബ്രറിയുടെ താഴത്തെ നിലയിലെ വാതില്‍ നിയമവിരുദ്ധമാണെന്ന് അയാള്‍ അറിഞ്ഞിട്ടേ ഇല്ലായിരുന്നു.

മുഖവുര മൂന്ന്‌

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. ലൈബ്രറി പൊതുവെ ശൂന്യമായിരുന്നു. താഴത്തെ നിലയിലെ തടിവാതിലിന്റെ കതകു തുറന്നുകിടക്കുകയായിരുന്നു. രണ്ടാമത്തെ നിലയിലേക്കാണ്‌ നിയമവിധേയമായ വഴി പ്രവേശിക്കുക. നിയമവിരുദ്ധമായ വാതിലിന്റെ മുമ്പില്‍ നിന്നും പുറത്തേക്കു വഴിയുണ്ട്‌; ഹോസ്റ്റലിലേക്ക്‌.

ജയലാലു ലൈബ്രറി പുസ്തകങ്ങളുമായി കോണിയുടെ സമീപത്തേക്കു നടക്കുമ്പോഴാണ്‌ കതകു തുറന്നിരിക്കുന്നതു കണ്ടത്‌. അവന്‍ പുറത്തു കടന്നു. മുട്ടത്തിറങ്ങി. "ദേ", പെട്ടെന്നാരോ പിറകില്‍ നിന്നു വിളിച്ചു. അവന്‍ തിരിഞ്ഞു നോക്കി. ലൈബ്രറി അസിസ്റ്റന്റ്മാരിലൊരാളായിരുന്നു; എണ്ണക്കറുപ്പു നിറവും എണ്ണതിളങ്ങുന്ന മുടിയുമുള്ള ഒരാള്‍. അയാളുടെ കയ്യില്‍ എപ്പോഴും കാണാറുണ്ടായിരുന്ന പെന്‍സിലിന്റെ കൂര്‍ത്തമുന ഇപ്പോള്‍ തന്റെ കണ്ണുകള്‍ക്കു മദ്ധ്യത്തിലേക്കു ലക്ഷ്യം വെച്ചിരിക്കുന്നതായിട്ടാണ്‌ ജയലാലു കണ്ടത്‌. അയാള്‍ പറയുകയായിരുന്നു:

"ഈ വാതിലേ...സ്റ്റുഡന്റ്‌സിനുള്ളതല്ല. സ്റ്റാഫിനെ ഉപയോഗത്തിനു മാത്രമുള്ളതാണ്‌. മനസ്സിലായോ?"

പെന്‍സില്‍ പിടിച്ച കൈ പിന്‍വലിയ്ക്കപ്പെട്ടു. ഇടത്തെ കതകിന്റെ പിന്നില്‍ നിന്നും വലത്തെ കതകു കടന്നു വന്നു. വാതില്‍ അടഞ്ഞു. അയാള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷനായി. ജയലാലു ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു; പിന്തിരിഞ്ഞ നിലയില്‍. താനൊരു നിയമദ്ധ്വംസകനാണെന്ന അറിവ്‌ അവനെ തളര്‍ത്തിക്കളഞ്ഞു.

പെട്ടെന്നാണ്‌ കെണിയുടെ വലയില്‍ താന്‍ പെട്ടിരിക്കുന്നതായി ജയലാലു മനസ്സിലാക്കുന്നത്‌.

അത്‌ വാതിലില്‍ ഘടിപ്പിച്ചിരുന്ന വലയായിരുന്നിരിക്കണമെന്നവന്‍ ഓര്‍ത്തു. അവന്‍ കടന്നുവന്നപ്പോള്‍ വലയില്‍ അവന്‍ പെട്ടു. താന്‍ കുടുങ്ങിയതായി അവനറിഞ്ഞു. വലയുടെ അസ്വസ്ഥതയുളവാക്കുന്ന ഇഴകള്‍ ശരീരത്തിന്റെ പലഭാഗങ്ങളിലായി ഇറുകിപ്പിടിക്കുന്നതായി അവനു തോന്നി. ഈ വലപൊട്ടിപ്പോയേക്കുമെന്നുള്ള പ്രതീക്ഷയില്‍ സര്‍വശക്തിയുമുപയോഗിച്ച്‌ മുന്നോട്ടാഞ്ഞു നടന്ന് അവന്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങി.

ഒടുക്കം തളര്‍ന്ന അവന്‍ പടര്‍ന്നു നില്‍ക്കുന്ന വാകമരത്തിനു ചുവട്ടിലെ സിമന്റു ബെഞ്ചിലിരുന്നു. കാണാന്‍ കഴിയുകയില്ലെങ്കിലും വലയുടെ ഓരോ ഇഴകളുടെയും സാന്നിദ്ധ്യം അവന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. തോളില്‍ ഷര്‍ട്ടില്‍ ഇറുകിപ്പിടിക്കുന്ന ഒന്ന്; നഗ്നമായ വലതുകൈത്തണ്ടയില്‍ രക്തചംക്രമണം നിറുത്തും വണ്ണം ഇറുകിയിരിക്കുന്ന മറ്റൊന്ന്; വയറ്റത്തുനിന്നു തുടങ്ങി നെഞ്ചത്തുകൂടി കടന്നുപോകുന്ന കുരുക്കുകളുടെ ഒരു ശൃംഖല; പിന്നെ കാല്‍മുട്ടിനുതാഴെ മൂന്നെണ്ണം എന്നിങ്ങനെ ശരീരത്തോരോ സ്ഥാനത്തും വലിഞ്ഞുമുറുകിനില്‍ക്കുന്ന വലയുടെ ഭാഗങ്ങളെ അവന്‍ തിരിച്ചറിഞ്ഞു. ലോകത്തിന്റെ അതിര്‍ത്തിവരെ നീണ്ടുനീണ്ടെത്തുന്ന ഈ വല പൊട്ടിക്കാന്‍ കഴിയുംവിധം ശക്തിപ്രയോഗിക്കാന്‍ ഒരിക്കലും തനിക്കാവില്ലെന്നും അധികം താമസിയാതെ തന്റെ സന്ധികളെയെല്ലാം ഇതു തകരാറിലാക്കുമെന്നും അവന്‍ മനസ്സിലാക്കി.

കൈയുയര്‍ത്തി വീശി നടന്നടുക്കുന്ന ബാലചന്ദ്രനെ അപ്പോഴാണവന്‍ കണ്ടത്‌. എന്നാല്‍ അപ്പോഴേക്കും ജയലാലു നെറ്റിയില്‍ വിയര്‍പ്പുഗോളങ്ങള്‍ നിറഞ്ഞ്‌, സന്ധികളിലെ വേദനയനുഭവിച്ച്‌, ഔപചാരികതയ്ക്കു വേണ്ടിപ്പോലും ഒന്നു ചിരിക്കാന്‍ കഴിയാത്ത പതനത്തിലെത്തിക്കഴിഞ്ഞിരുന്നു.

"എന്തുപറ്റി?" അവനില്‍ അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ കണ്ട ബാലന്‍ ചോദിച്ചു.

അവന്‍ മിണ്ടിയില്ല.

പെട്ടെന്നുണ്ടായ ഒരാശയത്തിന്റെ വെളിച്ചത്തില്‍ ഗാര്‍ഡനില്‍ നിന്നുള്ള പടികളിറങ്ങി ഓടിയകലുന്ന അവനെ നോക്കി ബാലന്‍ അന്തിച്ചുനിന്നു.

ലൈബ്രറിയുടെ ഏറ്റവും താഴത്തെ നിലയിലെ നിയമവിരുദ്ധമായ വാതിലിനു മുമ്പിലേക്ക്‌ ഓടിയടുക്കുമ്പോള്‍ തന്റെ സന്ധികളില്‍ വലയുടെ പ്രഭാവം കുറയുന്നത്‌ അനുഭവിച്ചറിഞ്ഞ്‌ സന്തോഷിക്കുകയായിരുന്നു ജയലാലു. ആകെത്തളര്‍ന്ന്‌ ഒരുവിധം വാതിലിനടുത്തെത്തിയ അവന്‍ അല്‍പനേരം അനങ്ങാനാവാതെ അവിടെത്തന്നെയിരുന്നുപോയി.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ, തോളൊപ്പമെത്തുന്ന മതിലിനു സമീപംവന്നു താഴേക്കു നോക്കിയ ബാലന്‍ കണ്ടത്‌ തളര്‍ന്നു തറയിലിരിക്കുന്ന ജയലാലുവിനെയാണ്‌. അടുത്തനിമിഷം ജയലാലു എഴുനേറ്റ്‌ വാതിലിന്റെ വിടവില്‍ തന്റെ വിരലുകള്‍ കടത്തി അതു തുറക്കാന്‍ ശ്രമിച്ചു. പിന്നെ, ചുരുട്ടിയ കൈപ്പത്തികൊണ്ട്‌ ലൈബ്രറിയുടെ ചില്ലുകൂടു പോലും കിടുങ്ങുന്നവിധം അവന്‍ ആ കതകിന്മേല്‍ ആഞ്ഞിടിക്കാന്‍ തുടങ്ങി. ബാലന്‍ അവന്റെ അസാധാരണമായ പെരുമാറ്റം കണ്ട്‌ അദ്ഭുതപ്പെട്ടുനില്‍ക്കുകയായിരുന്നു.

അത്യധികം ശക്തിയോടുകൂടി തുടരുന്ന ഇടിയുടെ ശബ്ദം കേട്ട്‌ ക്രുദ്ധനായ ആ ലൈബ്രറി അസിസ്റ്റന്റ്‌ വാതിലിനു സമീപം വന്നു തഴുതു വലിച്ചുമാറ്റി. ഇടി നിന്നു.

വലത്തേ കതകിന്റെ അല്‍പഭാഗം നീങ്ങി ഇടത്തേ കതകിനു മുകളിലായി. കതകില്‍ മുറുകെപ്പിടിച്ചുനില്‍ക്കുന്ന അയാളുടെ രൂപം വ്യക്തമായി. "എന്തുവേണം?" അയാള്‍ ഗര്‍ജ്ജിച്ചു.

ജയലാലു തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച്‌ അയാളെ തള്ളിമാറ്റി. ആ കതകിന്റെ വലുതാക്കിയ മാര്‍ഗ്ഗത്തിലൂടെ അകത്തു കടന്നു. വാതിലില്‍ നിന്നുള്ള ബന്ധം പൂര്‍ണ്ണമായിവിട്ടതോടുകൂടി വലയുടെ അവസാനത്തെ ഇഴയും തന്നെ വിട്ടകന്നതായി അവന്‍ അറിഞ്ഞു.

അന്ധാളിച്ചു നില്‍ക്കുന്ന ഹെല്‍പ്പറെ അവഗണിച്ച്‌, തന്റെ വിജയത്തെക്കുറിച്ചോര്‍ത്തു പൊട്ടിച്ചിരിച്ചുകൊണ്ട്‌ ജയലാലു മുകളില്‍, നിയമവിധേയമായ വാതിലിനു മുമ്പിലേക്കു നയിക്കുന്ന സ്റ്റെയര്‍കെയ്‌സ്‌ ഓടിക്കയറാന്‍ തുടങ്ങി.

1984

<< എന്റെ മറ്റു കഥകള്‍